
2024ൽ കുവൈത്തികളല്ലാത്ത മാതാപിതാക്കൾക്ക് ജനിച്ചത് 15,740 കുഞ്ഞുങ്ങൾ
|ജനനനിരക്കിൽ ഏകദേശം 10 ശതമാനം കുറവ്
കുവൈത്ത് സിറ്റി: 2024 ൽ കുവൈത്തിൽ ആകെ ജനിച്ചത് 49,063 കുഞ്ഞുങ്ങൾ. കുവൈത്തികളല്ലാത്ത മാതാപിതാക്കൾക്ക് 15,740 കുഞ്ഞുങ്ങൾ ജനിച്ചു. ഈ വിഭാഗത്തിലെ ജനനനിരക്കിൽ ഏകദേശം 10 ശതമാനം കുറവ് രേഖപ്പെടുത്തി. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (സിഎഎസ്) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തി മാതാപിതാക്കൾക്ക് 33,323 കുഞ്ഞുങ്ങളുണ്ടായി. കുവൈത്തികൾക്കിടയിലെ ജനനനിരക്ക് 0.56 ശതമാനം വർധിച്ചു. കുവൈത്തി ജനനനിരക്കിൽ അഹ്‌മദി ഗവർണറേറ്റും (7,714) കുവൈത്തികളല്ലാത്തവരുടെ ജനനനിരക്കിൽ ഹവല്ലിയു(4,604)മാണ് ഒന്നാം സ്ഥാനത്ത്.
2024 ൽ കുവൈത്തിലെ മരണനിരക്ക് 1,000 പേർക്ക് 1.5 ആയി കുറഞ്ഞുവെന്ന് സിഎഎസ് റിപ്പോർട്ട് ചെയ്തു. 2020 നും 2023 നും ഇടയിൽ രേഖപ്പെടുത്തിയ 1.7-2.6 ൽനിന്ന് കുറയുകയായിരുന്നു.
2024 ൽ സ്വാഭാവിക ജനസംഖ്യാ വർധനവ് നേരിയ തോതിൽ കുറഞ്ഞു, 2024 ൽ ഇത് 1,000 ൽ 6.85 ആയി. 2020 ൽ ഇത് 7.16 ആയിരുന്നു.
2024 ൽ ശിശുമരണനിരക്ക് 1,000 ജനനങ്ങളിൽ 6.20 ആയി കുറഞ്ഞു, മുൻ വർഷം 6.80 ആയിരുന്നു. എന്നാൽ പെൺ ശിശുക്കൾക്കിടയിലെ നിരക്ക് 2023ലെ 6.32 ൽ നിന്ന് 6.52 ആയി ഉയർന്നു.
2020 നും 2024 നും ഇടയിൽ, കുവൈത്തിൽ കാൻസർ മൂലം 5,782 പേർ മരിച്ചു. 2024 ൽ മാത്രം 1,249 മരണങ്ങളാണ് ഇത്തരത്തിലുണ്ടായത്. എന്നാൽ 2023 നെ അപേക്ഷിച്ച് 10.4 ശതമാനം കുറവാണ് 2024ൽ സംഭവിച്ചത്. 2024 ൽ ആകെ 379 ആണ് പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങൾ. കഴിഞ്ഞ നാല് വർഷത്തിനിടെ രേഖപ്പെടുത്തിയ പ്രമേഹ മരണങ്ങളുടെ 17.3 ശതമാനമാണിത്.