< Back
Kuwait
കുവൈത്തിൽ തടവുകാർക്ക് അമീരി കാരുണ്യം വഴി ശിക്ഷ ഇളവ്; വ്യവസ്ഥകൾ തീരുമാനിക്കാൻ പ്രത്യേക സമിതി
Kuwait

കുവൈത്തിൽ തടവുകാർക്ക് അമീരി കാരുണ്യം വഴി ശിക്ഷ ഇളവ്; വ്യവസ്ഥകൾ തീരുമാനിക്കാൻ പ്രത്യേക സമിതി

Web Desk
|
19 Oct 2021 9:31 PM IST

ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമരൂപം നൽകുന്നതും ഇതേ കമ്മിറ്റിയാണ്

കുവൈത്തിൽ അടുത്തവർഷം അമീരി കാരുണ്യത്തിന്റെ ഭാഗമായുള്ള ശിക്ഷയിളവ് വ്യവസ്ഥകൾ തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് എല്ലാ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് അമീരി കാരുണ്യം വഴി ശിക്ഷ ഇളവ് നൽകുന്നത്. ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും നിശ്ചയിക്കാനാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നൽകിയത്.

ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമരൂപം നൽകുന്നതും ഇതേ കമ്മിറ്റിയാണ്. അറ്റോർണി ജനറൽ മുഹമ്മദ് അൽ ദുഐജിയാണ് സമിതിയുടെ അധ്യക്ഷൻ. അമീരി ദിവാൻ പ്രതിനിധി ഡോ. മനായിർ അൽ അർജാൻ, പ്രോസിക്യൂഷൻ മേധാവി മിഷ്അൽ അൽ ഗന്നം, ഉപമേധാവി ദാരി അൽ മുജിൽ, ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മേജർ ജനറൽ തലാൽ അൽ മഅറഫി, ബ്രിഗേഡിയർ നാസർ അൽ യഹ്യ, കേണൽ ഹമൂദ് അൽ ഹമീദി, കേണൽ ഖാലിദ് അൽ ദൈഹാനി എന്നിവരാണ് സമിതിയിലുള്ളത്.

അടുത്ത ദിവസങ്ങളിൽ സമിതി യോഗം ചേർന്ന് വ്യവസ്ഥകൾ തീരുമാനിക്കും. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കുക. കഴിഞ്ഞ വർഷം അമീരി കാരുണ്യപ്രകാരം വിദേശികൾ ഉൾപ്പെടെ 459 തടവുകാർക്ക് മോചനം ലഭിച്ചു. നിരവധി പേർക്ക് ശിക്ഷയിളവും നൽകി. തടവുകാലം കുറച്ചുകൊടുക്കുകയോ പിഴ ഇളവ് നൽകുകയോ ആണ് പതിവ് ദേശീയ സുരക്ഷ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടവരെ അമീരി കാരുണ്യത്തിന് പരിഗണിക്കാറില്ല.

Similar Posts