< Back
Kuwait
autumn has begun in Kuwait
Kuwait

കടുത്ത വേനൽച്ചൂട് അവസാനിച്ചു; കുവൈത്തിൽ ശരത്കാലം തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Web Desk
|
14 Sept 2025 10:30 PM IST

വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിലുള്ള പരിവർത്തന മാസമാണ് സെപ്റ്റംബർ

കുവൈത്ത് സിറ്റി: കുവൈത്തിൽ കടുത്ത വേനൽച്ചൂട് അവസാനിച്ച് ശരത്കാലത്തിന്റെ തുടക്കമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ മാസത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ തണുത്ത കാലാവസ്ഥയുടെ തുടക്കത്തിന്റെ പരിവർത്തന കാലഘട്ടമാണെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സാ റമദാൻ അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ക്രമേണ കുറയുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്നും ഇസ്സാ റമദാൻ അറിയിച്ചു.

വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിലുള്ള പരിവർത്തന മാസമാണ് സെപ്റ്റംബർ. സഫ്രി ദിവസങ്ങളുടെ ആരംഭവുമായി ഈ മാസം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അലർജി, ജലദോഷം, കണ്ണിന്റെ അണുബാധ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഈ കാലാവസ്ഥയിൽ അനുഭവപ്പെടാം. പകൽ സമയത്തെയും രാത്രിയിലെയും താപനില തമ്മിലുള്ള വ്യത്യാസം വർധിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് റമദാൻ വിവരിച്ചു.

സൂര്യപ്രകാശത്തിന്റെ കുറവ്, പകൽ സമയം കുറയൽ, ഇന്ത്യൻ മൺസൂൺ മാന്ദ്യത്തിന്റെ ദുർബലത എന്നിവയാണ് താപനിലയിലെ കുറവിന് കാരണം. മരുഭൂമി പ്രദേശങ്ങളിൽ ഈ മാസങ്ങളിൽ അതിരാവിലെ താപനില ചില ദിവസങ്ങളിൽ 25 ഡിഗ്രി സെൽഷ്യസിൽ താഴെയാകും.

അൽ-വാസം സീസണിന്റെ തുടക്കമാണെന്നും രാജ്യത്ത് മഴക്കാലത്തിന്റെ തുടക്കമായാണ് ഇത് പ്രതീക്ഷിക്കുന്നതെന്നും റമദാൻ പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യം തണുത്ത കാലാവസ്ഥയിലേക്കുള്ള മാറ്റം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നു റമദാൻ പറഞ്ഞു.

Similar Posts