< Back
Kuwait
അതിരുകളില്ലാത്ത സഹകരണം; കുവൈത്തും സൗദിയും വിവിധ കരാറുകളിൽ ഒപ്പുവെച്ചു
Kuwait

അതിരുകളില്ലാത്ത സഹകരണം; കുവൈത്തും സൗദിയും വിവിധ കരാറുകളിൽ ഒപ്പുവെച്ചു

Web Desk
|
27 Sept 2025 7:05 PM IST

ടൂറിസ- മാധ്യമ മേഖലയിൽ പുതിയ മുന്നേറ്റമുണ്ടാകും

കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സംയുക്ത സഹകരണ കരാറുകളുമായി സൗദിയും കുവൈത്തും. ആരോഗ്യം, ടൂറിസം, സംസ്‌കാരം, മാധ്യമം, ശാസ്ത്ര സാമൂഹിക-ഗവേഷണം എന്നീ മേഖലകളിലെ വിവിധ സംരംഭങ്ങളിലാണ് സൗദിയും കുവൈത്തും കരാറുകൾക്ക് ധാരണയായത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കുവൈത്ത്- സൗദി കോർഡിനേഷൻ കമ്മിറ്റിയുടെ മൂന്നാം സമ്മേളനം നടന്നിരുന്നു. സമ്മേളനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുളള ചരിത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്താനും തന്ത്രപരമായ ലക്ഷ്യങ്ങളെ പ്രായോഗികമായി നേട്ടങ്ങളാക്കി മാറ്റാനുമുള്ള കരാറുകളിൽ ഒപ്പുവെച്ചത്.

കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം സെക്രട്ടറി ഡോ നാസർ മുഹ്‌സിനും സൗദി അറേബ്യൻ ഇൻഫർമേഷൻ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി ഡോ അബ്ദുല്ല അൽ മഗ്‌ലൂത്തും ചേർന്നാണ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചത്. ഗുണനിലവാരമുള്ള പദ്ധതികൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്താനും ഈ വേദി ഫലപ്രദമാകുന്നുണ്ടെന്ന് ഡോ മുഹ്‌സിൻ പറഞ്ഞു. കൂടുതൽ ഉത്പാദനക്ഷമതയും സർഗാത്മകതയുമുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിനായി കായിക സാമൂഹിക സംരംഭങ്ങൾക്ക് കമ്മിറ്റി ഊന്നൽ നൽകുന്നുണ്ടെന്നും ഇരുരാജ്യങ്ങൾക്കും അക്കാദമിക് മേഖലകളിൽ മുന്നേറ്റങ്ങൾ നടത്താൻ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts