< Back
Kuwait
സിബി ജോർജ് ജപ്പാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി ചുമതലയേൽക്കും
Kuwait

സിബി ജോർജ് ജപ്പാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി ചുമതലയേൽക്കും

Web Desk
|
13 July 2022 10:28 PM IST

നിലവിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആണ് 1993 ബാച്ച് ഐ എഫ് എസ്‌ ഉദ്യോഗസ്ഥനായ സിബി ജോർജ്

കുവൈത്ത്: ജപ്പാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി സിബി ജോർജ് ഐ എഫ് എസ് ചുമതലയേൽക്കുമെന്ന് റിപ്പോർട്ട് . ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നിലവിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആണ് 1993 ബാച്ച് ഐ എഫ് എസ്‌ ഉദ്യോഗസ്ഥനായ സിബി ജോർജ്.

2020 ഓഗസ്റ്റിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആയി ചുമതലയേറ്റ സിബി ജോർജ് കോട്ടയം പാല സ്വദേശിയാണ് . അദ്ദേഹം അംബാസഡറായി എത്തിയ ശേഷം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. സ്വിട്സർലാൻഡ് സ്ഥാനപതിയായിരുന്ന അദ്ദേഹം കെ ജീവസാഗറിന്റെ പിൻഗാമിയായാണ് കുവൈത്തിൽ നിയമിതനായത്.

കുവൈത്ത് ഗവൺമെന്റുമായി ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ധാരണ പത്രത്തിൽ ഒപ്പുവെച്ചതും, നീറ്റ് പരീക്ഷക്ക് കുവൈത്തിൽ വേദി ഒരുക്കിയതും, വാരാന്തജനസമ്പർക്ക പരിപാടി ആരംഭിച്ചതും സിബി ജോർജിന്റെ നയതന്ത്ര പാടവം തെളിയിക്കുന്നതാണ്.

ഇന്ത്യയും ജപ്പാനും തമ്മിൽ ഉഭയകക്ഷിപരമായും ക്വാഡ് പോലുള്ള ബഹുതല ഫോറങ്ങളിലും വളരുന്ന ബന്ധം കാരണം ടോക്കിയോയിലെ അംബാസഡർ പോസ്റ്റ് നിർണായകമാണ്. നേരത്തെ ഇസ്‌ലാമാബാദ്, വാഷിംഗ്ടൺ, കെയ്‌റോ, ദോഹ എന്നിവിടങ്ങളിൽ നയതന്ത്ര ചുമതലകൾ വഹിക്കുകയും ഇറാനിലും സൗദി അറേബ്യയിലും മിഷൻ ഡെപ്യൂട്ടി ചീഫ് ആയി സേവനമനുഷ്ഠിക്കുകയും ചെയ്‌തിട്ടുള്ള സിബി ജോർജിന്റെ അനുഭവ സമ്പത്ത് വലിയ മുതൽക്കൂട്ടാകും.


Similar Posts