< Back
Kuwait
വിസ തട്ടിപ്പ്: കുവൈത്തിൽ സ്വദേശി പൗരനും ഇടനിലക്കാരും ഉൾപ്പെടെ 9 അംഗ സംഘം പിടിയിൽ
Kuwait

വിസ തട്ടിപ്പ്: കുവൈത്തിൽ സ്വദേശി പൗരനും ഇടനിലക്കാരും ഉൾപ്പെടെ 9 അംഗ സംഘം പിടിയിൽ

Web Desk
|
21 July 2025 6:39 PM IST

സിറിയൻ, ഇന്ത്യൻ സ്വദേശികളാണ് ഇടനിലക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ തട്ടിപ്പ് സംഘത്തെ പിടികൂടി ആഭ്യന്തര മന്ത്രാലയം. ഒരു കുവൈത്തി പൗരന്റെ നേതൃത്വത്തിൽ സിറിയൻ, ഇന്ത്യൻ സ്വദേശികളും ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. മനുഷ്യക്കടത്തും അനധികൃത വിസ വിതരണവും തടയുന്നതിനുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാായാണ് നടപടി.

25 കമ്പനികളുടെയും 4 അനുബന്ധ സ്ഥാപനങ്ങളുടെയും പേരിൽ ഒപ്പിടാൻ അധികാരമുള്ള ഒരു കുവൈത്തി പൗരൻ തന്റെ അധികാരം ദുരുപയോഗം ചെയ്ത് വിസ കച്ചവടം നടത്തുന്നുണ്ടെന്ന് കണ്ടെത്തി. ഈ കമ്പനികളുടെ പേരിൽ 56 വിദേശ തൊഴിലാളികളെ അനധികൃതമായി രജിസ്റ്റർ ചെയ്യുകയും വിസ വിൽക്കുകയും ചെയ്തതായി അധികൃതർ പറയുന്നു.

ഇവരിൽ മൂന്ന് പേർ താമസ നിയമങ്ങൾ ലംഘിച്ചവരും മൂന്ന് പേർ വിസയുടെ നിബന്ധനകൾ ലംഘിച്ചവരുമാണ്. കൂടാതെ, ചില തൊഴിലാളികൾക്ക് വിസ സ്‌പോൺസർ ചെയ്ത സ്ഥാപനങ്ങളിലല്ലാതെ മറ്റ് സ്ഥാപനങ്ങളിൽ ജോലി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ, റെസിഡൻസി പെർമിറ്റുകൾ തരപ്പെടുത്തിക്കൊടുക്കുന്നതിനായി 350 ദിനാർ മുതൽ 1,200 ദിനാർ വരെ കൈപ്പറ്റിയതായി പ്രതി കുറ്റസമ്മതം നടത്തി. സിറിയൻ, ഇന്ത്യൻ സ്വദേശികളായ രണ്ട് ഇടനിലക്കാർ വഴിയാണ് ഈ തുകകൾ കൈപ്പറ്റിയതെന്നും, യഥാർത്ഥത്തിൽ ഈ തൊഴിലാളികൾക്ക് ജോലി നൽകിയിരുന്നില്ലെന്നും പ്രതി സമ്മതിച്ചു.

പിടിയിലായ എല്ലാ പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അധികാരികൾക്ക് കൈമാറി. മനുഷ്യക്കടത്തിന് എതിരായ പോരാട്ടം ശക്തമാക്കുമെന്ന് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും കാത്തുസൂക്ഷിക്കാൻ സംശയാസ്പദമായ ഏത് പ്രവർത്തനങ്ങളെക്കുറിച്ചും അധികൃതരെ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും വകുപ്പ് അഭ്യർത്ഥിച്ചു.

Similar Posts