< Back
Kuwait
രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കും; നടപടിയുമായി കുവൈത്ത് സർക്കാർ
Kuwait

രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കും; നടപടിയുമായി കുവൈത്ത് സർക്കാർ

Web Desk
|
8 Oct 2021 9:22 PM IST

അഴിമതി നടത്തുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതും എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തിൽ സർക്കാർ കരാറുകളിലെ അഴിമതി തടയുന്നതിന് ബ്രിട്ടീഷ് ഏജൻസിയായ ഗ്ലോബൽ പാർട്ണേഴ്സ് ഗവേണൺസുമായി കൈകോർത്ത് അഴിമതി വിരുദ്ധ അതോറിറ്റി. സംശയകരമായ ഇടപാടുകൾ സംബന്ധിച്ച അന്വേഷണം നടത്തുന്നതിനായാണ് അഴിമതി വിരുദ്ധ പബ്ലിക് അതോറിറ്റി ജി.പി.ജിയുമായി കരാറിലെത്തിയത് .

രാജ്യാന്തര ഇടപാടുകളിൽ അഴിമതിയുണ്ടോ എന്ന് അന്വേഷിക്കാനാണ് അന്താരാഷ്ട്ര ഏജൻസിയുടെ സഹായം തേടുന്നത്. യൂറോപ്യൻ വിമാനക്കമ്പനിയായ എയർ ബസിൽ നിന്ന് യാത്രാവിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഗൾഫിലെയും മറ്റു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതാക്കള്‍, എം.പിമാര്‍, സർക്കാർ വകുപ്പുകള്‍ എന്നിവര്‍ ഉൾപ്പെട്ട അഴിമതി കേസുകളിൽ അന്വേഷണം നടത്തിയ പരിചയവും വൈദഗ്ധ്യവുമാണ് ജി..പി.ജി യുമായി കൈകോർക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

അന്വേഷണത്തിൽ സഹകരിക്കാനും ഓരോ കേസുകളും പ്രത്യേകം പരിഗണിക്കാനുമാണ് ധാരണയായതെന്നാണ് സൂചന. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന വാഗ്ദാനം അഴിമതി വിരുദ്ധ അതോറിറ്റി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ മാസം മുതലാണ് പാരിതോഷികം നല്‍കി തുടങ്ങിയത്. സ്വദേശികൾക്കും വിദേശികൾക്കും അഴിമതിയെ കുറിച്ച് വിവരം നൽകാവുന്നതാണ്. ലഭിച്ച വിവരത്തിെൻറ ആധികാരികത അഴിമതി വിരുദ്ധ അതോറിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് പാരിതോഷികം നൽകുക. രാജ്യത്തു നിന്ന് അഴിമതി തുടച്ചുനീക്കുകയാണ് ലക്ഷ്യം. അഴിമതി നടത്തുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതും എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts