< Back
Kuwait
death toll rises to five in alreggai fire, local media report
Kuwait

റിഗ്ഗയ് തീപിടിത്തം: മരിച്ചവർ പ്രവാസികൾ

Web Desk
|
1 Jun 2025 2:26 PM IST

മരണം അഞ്ചായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ

കുവൈത്ത് സിറ്റി:കുവൈത്തിലെ റിഗ്ഗ മേഖലയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ അഞ്ചായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ. 15 പേർക്ക് പരിക്കേറ്റതായും അറബ് ടൈംസ് ഓൺലൈൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവർ പ്രവാസികളാണെന്നും റിപ്പോർട്ടുകളിലുണ്ട്. സംഭവത്തിൽ എത്ര പേർക്ക് അത്യാഹിതം സംഭവിച്ചുവെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. തീപിടിത്തത്തിന്റെ കാരണവും സാഹചര്യങ്ങളും അന്വേഷിക്കുകയുമാണ്.

അടുത്തിടെയുണ്ടായ മൻഗഫ് തീപിടിത്തവുമായി സംഭവത്തിന് സാമ്യമുണ്ടെന്നാണ് അഗ്‌നിശമന സേനയുടെ സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ചില താമസക്കാർ മുകളിലത്തെ നിലകളിൽ നിന്ന് ചാടുകയായിരുന്നു. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.

സംഭവത്തിൽ മൂന്നു മരണവും നിരവധി പേർക്ക് പരിക്കേറ്റതും കുവൈത്ത് ഫയർഫോഴ്‌സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്.

പരിക്കേറ്റ ചിലർക്കു സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കെട്ടിട ഉടമകൾ തീ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്സ് പ്രസ് വിഭാഗം അഭ്യർത്ഥിച്ചു.

Similar Posts