< Back
Kuwait
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ അഞ്ച് അന്താരാഷ്ട്ര കമ്പനികള്‍
Kuwait

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ അഞ്ച് അന്താരാഷ്ട്ര കമ്പനികള്‍

Web Desk
|
13 Nov 2022 11:12 PM IST

ടർക്കിഷ്, കൊറിയൻ, ഐറിഷ്, ജർമ്മൻ കമ്പനികളാണ് രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ മത്സരരംഗത്തുള്ളത്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ അഞ്ച് അന്താരാഷ്ട്ര കമ്പനികളുടെ അന്തിമ പട്ടിക തയ്യാറായതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ടാം ടെർമിനല്‍ പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും.

ടർക്കിഷ്, കൊറിയൻ, ഐറിഷ്, ജർമ്മൻ കമ്പനികളാണ് രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ മത്സരരംഗത്തുള്ളത്. ടെർമിനലിന്റെ നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലാണ് . 1.3 ശതകോടി ദീനാർ ചെലവിലാണ് ടർക്കിഷ് കമ്പനിയായ ലിമാക് രണ്ടാം ടെർമിനലിൻറെ നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. നിലവിൽ 50 ലക്ഷം യാത്രക്കാർ പ്രതിവർഷം വിമാനത്താവളം വഴി യാത്ര ചെയ്യുന്നുണ്ട്.

അയാട്ടയുടെ റാങ്കിങ് പട്ടികയില്‍ എ ഗ്രേഡിന് യോഗ്യമായ വിധമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് പദ്ധതിയുടെ രൂപരേഖ തയറാക്കിയത്. ചിറകുകളുടെ രൂപത്തിൽ 1.2 കിലോ മീറ്റർ ദൈർഘ്യമുള്ള മൂന്നു ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്. 4,500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ-ഡിപാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ പ്രവര്‍ത്തനവും അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Tags :
Similar Posts