< Back
Kuwait
കുവൈത്തില്‍ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു
Kuwait

കുവൈത്തില്‍ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു

Web Desk
|
11 Oct 2023 12:20 AM IST

പദ്ധതിക്ക് ആവശ്യമായ സാധ്യതാ പഠനം നടത്താൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ വികസന പ്രതീക്ഷകളുമായി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതിക്ക് ആവശ്യമായ സാധ്യതാ പഠനം നടത്താൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ തെരഞ്ഞെടുത്തു.

രാജ്യത്തെ അടിസ്ഥാന വികസന മേഖലയില്‍ പ്രതീക്ഷ നല്‍കി കുവൈത്ത്-സൗദി അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ചരക്ക്-ഗതാഗത മേഖലകളില്‍ വന്‍ മുന്നേറ്റത്തിനാണ് കളമൊരുങ്ങുക. 2023 ജൂണിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള റെയിൽവേ കരാറിന് കുവൈത്ത് അമീര്‍ ഔദ്യോഗികമായി അംഗീകാരം നല്‍കുന്നത്.

സെപ്തംബർ 26 ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതിക്ക് വേഗത വര്‍ദ്ധിച്ചത്. ഇതോടെ കുവൈത്തിന്‍റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയില്‍ സൗദിയും ഭാഗമാകും. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി.

കുവൈത്ത് -സൗദി അതിർത്തിയായ നുവൈസീബ് മുതൽ ഷദ്ദാദിയ വരെ 111 കിലോമീറ്റർ നീളുന്ന ഗൾഫ് ട്രാക്ക് വഴിയാണ് ഇത് സാധ്യമാവുക. അതിനിടെ കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം കരാർ രേഖകൾ പൂർത്തിയാക്കി ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Tags :
Similar Posts