< Back
Kuwait
Gulf Cup in Kuwait from tomorrow
Kuwait

ഗൾഫ് കപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്

Web Desk
|
7 Dec 2024 9:36 PM IST

മത്സരങ്ങൾ ഈ മാസം 21 മുതൽ ജനുവരി 3 വരെ

കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാളിനെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്. ഈ മാസം 21 മുതൽ ജനുവരി 3 വരെയാണ് മത്സരങ്ങൾ. ഒരു ഇടവേളക്കുശേഷം കുവൈത്തിൽ തിരികെയെത്തുന്ന ചാമ്പ്യൻഷിപ്പിനെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം.

ടൂർണമെന്റിന്റെ ഒരുക്കം യുവജനകാര്യ മന്ത്രിയുമായ അബ്ദുൽ റഹ്‌മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. നേരത്തെ 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.

അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970 ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്. ഇറാഖാണ് നിലവിലെ ചാമ്പ്യന്മാർ. പങ്കെടുക്കുന്ന ടീമുകൾ വൈകാതെ കുവൈത്തിലെത്തും. അർദിയ ജാബിർ സ്റ്റേഡിയം, സുലൈബിഖാത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഖത്തറിൽ പരിശീലനം പൂർത്തിയാക്കി കുവൈത്ത് ടീം മത്സരങ്ങൾക്കായി എത്തും.

അതിനിടെ അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് വിൽപ്പന അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ മാത്രമാണെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകളെയും അക്കൗണ്ടുകളെയും കുറിച്ച് ആരാധകർക്ക് അസോസിയേഷൻ മുന്നറിയിപ്പും നൽകി.

Similar Posts