< Back
Kuwait
Amar Ghalib
Kuwait

ട്രംപിന്റെ നയതന്ത്ര നീക്കം; ഹാംട്രാംക്ക് മേയർ അമർ ഗാലിബിനെ കുവൈത്തിലേക്കുള്ള അമേരിക്കൻ സ്ഥാനപതിയായി നിയമിച്ചു

Web Desk
|
9 March 2025 2:28 PM IST

ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്

വാഷിംഗ്ടൺ: ഹാംട്രാംക്ക് മേയർ അമർ ഗാലിബിനെ കുവൈത്തിലേക്കുള്ള അമേരിക്കൻ സ്ഥാനപതിയായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഗാലിബിന്റെ നിയമനത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, മിഷിഗണിലെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഗാലിബ് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നതായും ട്രംപ് പറഞ്ഞു. വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഗാലിബ്, അമേരിക്കയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യമനിൽ ജനിച്ച ഗാലിബ്, 2021ലാണ് ഹാംട്രാംക്കിന്റെ ആദ്യ അറബ്-അമേരിക്കൻ, മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. നഗരത്തിലെ ആദ്യ അറബ് മേയറെന്ന ചരിത്ര നേട്ടത്തിന് പുറമേ, ഗാലിബിന്റെ ഭരണത്തിൻ കീഴിൽ ഹാംട്രാംക്ക് ആദ്യമായി ഒരു പൂർണ്ണ മുസ്ലിം സിറ്റി കൗൺസിലിനും സാക്ഷ്യം വഹിച്ചു. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെ ശക്തമായി പിന്തുണച്ച ഗാലിബ്, അദ്ദേഹത്തോടൊപ്പം പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

2023 ഡിസംബറിൽ ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ച് നഗരത്തിലെ ഒരു തെരുവിന് 'പാലസ്തീൻ അവന്യൂ' എന്ന് പേര് നൽകാനും ഗാലിബിന്റെ നേതൃത്വത്തിൽ ഹംട്രാംക്ക് സിറ്റി കൗൺസിൽ തീരുമാനിച്ചിരുന്നു. തെരുവിന്റെ പേര് മാറ്റുന്നത് ഹാംട്രാംക്ക് സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകാത്മക നടപടിയാണെന്ന് കൗൺസിൽ യോഗത്തിൽ ഗാലിബ് വിശദീകരിച്ചു. ഗാലിബിനെ കൂടാതെ, ഡ്യൂക്ക് ബുച്ചാൻ മൂന്നാമനെ മൊറോക്കോയിലേക്കും മിഷേൽ ഇസ്സയെ ലെബനാനിലേക്കും സ്ഥാനപതിമാരായി നിയമിച്ചതായി ട്രംപ് അറിയിച്ചു.

Similar Posts