< Back
Kuwait
കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ   വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന് മുനിസിപ്പാലിറ്റി
Kuwait

കുവൈത്തിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടരുതെന്ന് മുനിസിപ്പാലിറ്റി

Web Desk
|
15 July 2022 7:17 PM IST

നഗരസൗന്ദര്യ-മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങളില്‍ ഭേദഗതി നടത്താനൊരുങ്ങുകയാണ് കുവൈത്ത്

കുവൈത്തില്‍ നഗരസൗന്ദര്യം, മാലിന്യ നിര്‍മാര്‍ജനം എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി നടപ്പാക്കാന്‍ ഒരുങ്ങി മുനിസിപ്പാലിറ്റി. നഗര സൗന്ദര്യം നശിപ്പിക്കുന്ന രീതിയില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണിയിലും മറ്റും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് തടയണമെന്നും, നിര്‍ദേശം അവഗണിക്കുന്നവരില്‍നിന്ന് 500 ദിനാര്‍ വരെ പിഴ ഈടാക്കണമെന്നും ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

മുനിസിപ്പാലിറ്റി ഡയരക്ടര്‍ എന്‍ജിനീയര്‍ നാദിയ അല്‍ ശരീദാആണ് ഇത് സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. വിരിപ്പുകള്‍ കാര്‍പ്പെറ്റുകള്‍ എന്നിവ റോഡിലും പൊതു സ്ഥലത്തും വൃത്തിയാക്കുന്നതും സമാന നിയമലംഘനമായാണ് കണക്കാക്കുക. പാര്‍ക്ക്, നടപ്പാത, ടല്‍ തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ നിരോധിക്കാനും ശിപാര്‍ശയുണ്ട്. ഏതെല്ലാം സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ അനുവദിനീയമാണെന്ന് മുനിസിപ്പാലിറ്റി ചട്ടത്തില്‍ വിവരിക്കുന്നുണ്ട്.

നിരോധിത സ്ഥലങ്ങളില്‍ മാംസം ചുടുന്നവര്‍ക്ക് 2000 മുതല്‍ 5,000 ദിനാര്‍ വരെയാണ് പിഴ. പഴയതോ ഉപയോഗ യോഗ്യമല്ലാത്തതോ ആയ വാഹനങ്ങള്‍, ബോട്ടുകള്‍, കാരവനുകള്‍ പോര്‍ട്ടബിള്‍ വീടുകള്‍ എന്നിവ പൊതു സഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും നിയമലംഘനമായി കണക്കാക്കും.

മുന്നറിയിപ്പ് നല്‍കി 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ അവ പിടിച്ചെടുക്കും. മൂന്നു മാസത്തിനു ശേഷം പിഴയും ഗാരേജ് വാടകയും ഈടാക്കി ഉടമകള്‍ക്ക് തിരിച്ചു നല്‍കാനും കരട് നിര്‍ദേശ പ്രകാരം മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടായിരിക്കും. മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ അബ്ദുളള അല്‍ മാഹ്രി കരട് നിര്‍ദേശം സാമ്പത്തിക നിയമകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

Similar Posts