< Back
Kuwait
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ ധാരണയായി
Kuwait

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ ധാരണയായി

Web Desk
|
31 Aug 2021 12:04 AM IST

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമയാന വകുപ്പുമായി കുവൈത്ത് അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. പരമാവധി പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയർത്താനാണ് അനുമതി.

നിലവിൽ പ്രതിദിനം 7500 യാത്രക്കാർ എന്നതാണ് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി . ഇത് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ വ്യോമയാന വകുപ്പ് മന്ത്രിസഭക്ക് കത്തു നൽകിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരം ആക്കി ഉയർത്തിക്കൊണ്ടുള്ള തീരുമാനം വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂട്ടിയ 2500 സീറ്റ് ഇജിപ്തിൽ നിന്നുള്ള വിമാനസർവീസുകൾക്കാണ്. കുവൈത്ത് എയർവേയ്സിനും ജസീറ എയർവേയ്സിനും കൂടി 1250 സീറ്റുകളും ഈജിപ്തിൽ നിന്നുള്ള മറ്റു വിമാനകമ്പനികൾക്ക് 1250 സീറ്റുകൾ എന്ന തോതിലാണ് വിഭജനം.

ഇന്ത്യ, ഈജിപ്‌ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെയാണ് കുവൈത്ത് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനസർവീസ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകുകയും യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ വിവരിച്ചു ഡി.ജി.സി.എ വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു.

എന്നാൽ, സർവീസ് ആരംഭിക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമയാന വകുപ്പുമായി കുവൈത്ത് അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ധാരണയായാൽ ഇന്ത്യയിൽനിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും.

Similar Posts