< Back
Kuwait
കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സ്ഥാനപതി
Kuwait

കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സ്ഥാനപതി

Web Desk
|
16 March 2025 6:25 PM IST

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചയായി

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി (കെആർസിഎസ്) ചെയർമാൻ അംബാസഡർ ഖാലിദ് അൽ മുഗാമിസുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കെആർസിഎസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നത്.

കുവൈത്തും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധത്തെ അംബാസഡർ അൽ മുഗാമിസ് പ്രശംസിച്ചു. പ്രകൃതി ദുരന്തങ്ങൾ, യുദ്ധങ്ങൾ, സംഘർഷങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനുള്ള കെആർസിഎസിൻറെ ദൗത്യവുമായി യോജിച്ചുപോകുന്ന ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള കെആർസിഎസിൻറെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.

ജാതി, മതം, ലിംഗം ഭേദമന്യേ ആവശ്യമുള്ള എല്ലാവർക്കും സഹായം നൽകുന്ന കുവൈത്തിൻറെ സ്ഥായിയായ മാനുഷിക സമീപനം അദ്ദേഹം ഓർമിപ്പിച്ചു. 2019ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ കെആർസിഎസ് അടിയന്തര മാനുഷിക സഹായം നൽകിയതും 2021ൽ കോവിഡ്-19 മഹാമാരിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിനായി 25 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ കുവൈത്തി ദുരിതാശ്വാസ വിമാനത്തിലൂടെ അയച്ചതും അദ്ദേഹം ഓർമിപ്പിച്ചു.

ആഗോള മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെആർസിഎസ് വഹിക്കുന്ന പ്രധാന പങ്കിനെ ഡോ. ആദർശ് സ്വൈക പ്രശംസിച്ചു. പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും ബാധിച്ച രാജ്യങ്ങൾക്ക് സഹായം നൽകുന്ന കെആർസിഎസിൻറെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മാനുഷിക മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം, സാമ്പത്തികം, വാണിജ്യം എന്നിങ്ങനെ വിവിധ മേഖലകളിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള അടുത്ത സഹകരണം ഡോ. ആദർശ് സ്വൈക എടുത്തുപറഞ്ഞു. സംയുക്ത മാനുഷിക സംരംഭങ്ങളിലൂടെ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Similar Posts