< Back
Kuwait
Indian delegation holds talks with Kuwaiti Deputy Prime Minister and senior officials
Kuwait

ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയുമായും ഉന്നത പ്രതിനിധികളുമായും ചർച്ച നടത്തി

Web Desk
|
26 May 2025 9:50 PM IST

രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം സംഘം സൗദിയിലേക്ക് യാത്രയാകും

കുവൈത്ത് സിറ്റി: ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാട് പങ്കുവച്ച് ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘം കുവൈത്ത് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അബ്ദുല്ല സാദ് അൽമൗഷർജിയുമായും ഉന്നത ഗവൺമെൻറ് പ്രതിനിധികളുമായും ചർച്ച നടത്തി. ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളും സീറോ ടോളറൻസ് നയവും സംഘം വിശദീകരിച്ചു. ഭീകരതയ്ക്കെതിരായ സീറോ ടോളറൻസ് നിലപാടിൽ ഇന്ത്യയും കുവൈത്തും ഒറ്റക്കെട്ടാണെന്ന് ഇന്ത്യൻ സംഘത്തെ നയിക്കുന്ന ബൈജയന്ത് പാണ്ഡെ പിന്നീട് പ്രതികരിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം സംഘം സൗദിയിലേക്ക് യാത്രയാകും. ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിലാണ് ഭീകരവാദത്തിനെതിരായ നിലപാട് വിവിധ രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെത്തിയത്. ബഹ്റൈൻ സന്ദർശനത്തിന് പിന്നാലെ കുവൈത്തിലെത്തിയ സംഘത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വകയും ഉന്നത ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സ്വീകരിച്ചു.

മുതിർന്ന ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെ നയിക്കുന്ന സംഘത്തിൽ ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, ഫംഗ്നോൺ കൊന്യാക്, രേഖ ശർമ്മ, സത്‌നം സിംഗ് സന്ധു, ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എംപി അസദുദ്ദീൻ ഒവൈസി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ ഹർഷ് ശ്രിംഗ്ല എന്നിവരും ഉൾപ്പെടുന്നു.

ഇന്ത്യൻ പ്രതിനിധി സംഘം കുവൈത്തിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുൽ കബീർ സന്ദർശിച്ചു. ഇന്ത്യൻ എംബസി പരിസരത്തുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ സംഘം പുഷ്പാർച്ചന നടത്തി. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, മാധ്യമ-സിവിൽ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തും. കുവൈത്ത് സന്ദർശത്തിന് ശേഷം സംഘം സൗദിയിലേക്കും പിന്നീട് അൾജീരിയിലേക്കും യാത്ര തുടരും. ഓരോ രാജ്യങ്ങളിലും രണ്ട് ദിവസം വീതമുള്ള സന്ദർശനങ്ങളിലൂടെയാണ് ഇന്ത്യയുടെ നയം സംഘം വിശദീകരിക്കുന്നത്.

Similar Posts