
യാത്രക്കാർക്കായി പുതിയ 'എലൈറ്റ് സർവീസ്' പ്രഖ്യാപിച്ച് കുവൈത്ത് എയർവേസ്
|വീട്ടിൽ നിന്ന് വിമാനം വരെയും തിരിച്ചും ആഡംബരവും അതിവേഗവുമുള്ള സേവനമാണ് പദ്ധതി
കുവൈത്ത് സിറ്റി: യാത്രക്കാർക്ക് ആഡംബരവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് കുവൈത്ത് എയർവേയ്സ് ടെർമിനൽ 4 (T4) വിമാനത്താവളത്തിൽ 'എലൈറ്റ് സർവീസ്' എന്ന പുതിയ പ്രീമിയം പദ്ധതിക്ക് തുടക്കം കുറിച്ചു. ന്യൂയോർക്കിലേക്കുള്ള യാത്രക്കാർക്ക് ഒഴികെ മറ്റെല്ലാവർക്കും ഈ സേവനം ലഭ്യമാകും. വേനലവധിക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ പ്രഖ്യാപനം.
'യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് എലൈറ്റ് സർവീസ് എന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾമൊഹ്‌സെൻ അൽ ഫഖാൻ പറഞ്ഞു. 'വീട്ടിലിരുന്ന് തന്നെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുന്ന സമഗ്രമായ പാക്കേജാണിത്. ബാഗേജ് തൂക്കാനുള്ള സൗകര്യം, ബോർഡിംഗ് പാസുകൾ ലഭ്യമാക്കുന്നത്, വീട്ടിൽ നിന്ന് യാത്രക്കാരെ കൂട്ടിക്കൊണ്ടുവരുന്നത്, ടെർമിനൽ 4-ൽ ഊഷ്മളമായ സ്വീകരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എലൈറ്റ് സർവീസ് ടെർമിനൽ 4-ൽ വേഗത്തിലുള്ള ചെക്ക്-ഇൻ, പുറപ്പെടുന്നതിന് മുമ്പ് എലൈറ്റ് ലോഞ്ചിലേക്കുള്ള പ്രവേശനം, പാസഞ്ചർ ബ്രിഡ്ജ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ വിമാനത്തിലേക്ക് ഗ്രൗണ്ട് ട്രാൻസ്‌പോർട്ട്, തിരിച്ചെത്തുമ്പോൾ വിഐപി സ്വീകരണം, എയർപോർട്ട് നടപടികളിൽ സഹായം, വീട്ടിലേക്ക് ലിമോസിൻ സേവനം എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
എലൈറ്റ് സർവീസ് എങ്ങനെ ബുക്ക് ചെയ്യാം?
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ കുവൈത്ത് എയർവേയ്സ് മൊബൈൽ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ എലൈറ്റ് സർവീസ് ബുക്ക് ചെയ്യാവുന്നതാണ്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വീട്ടിൽ വെച്ച് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുകയും, തുടർന്ന് യാത്രക്കാരെ ടെർമിനൽ 4-ലേക്ക് എത്തിക്കുകയും ചെയ്യും. യാത്രക്കാരുടെ സംതൃപ്തിക്ക് കുവൈത്ത് എയർവേയ്സ് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അൽ-ഫഖാൻ ഊന്നിപ്പറഞ്ഞു. 'സുഖകരവും ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കാൻ മികച്ച സേവനങ്ങളും വിമാനത്തിനുള്ളിലെ വിനോദ സൗകര്യങ്ങളും ഒരുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.