
കുവൈത്തിൽ പ്രധാന ഹൈവേകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് വിലക്ക്
വിലക്ക് ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരും
കുവൈത്തിൽ പ്രധാന ഹൈവേകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. വിലക്ക് ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരും. ട്രാഫിക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഫസ്റ്റ് റിങ് റോഡ്, ഫോർത്ത് റിങ്, ഫിഫ്ത് റിങ്, സിക്‌സ്ത് റിങ്, സെവൻത് റിങ്, 30ആം നമ്പർ കിങ് അബ്ദുൽ അസീസ് റോഡ്, 40ആം നമ്പർ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്, 50ആം നമ്പർ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്, 60ആം നമ്പർ ഗസ്സാലി റോഡ്, ജഹ്റ റോഡ്, ജമാൽ അബ്ദുൽ നാസർ ഫ്ലൈ ഓവർ , ശൈഖ് ജാബിർ പാലം എന്നീ റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കേർപ്പെടുത്തുന്നതിനു മുന്നോടിയായി ഡെലിവറി കമ്പനികളുടെ ഫെഡറേഷനുമായി കൂടിക്കാഴ്ച നടത്തുകയും റോഡുകളിലെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റീവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ വിലക്ക് ഏർപ്പെടുത്തിയതിൽ കഫെ ഉടമകളുടെ യൂനിയനും ഡെലിവറി കമ്പനികൾക്കും പ്രതിഷേധമുണ്ട്. അതേസമയം, ഗതാഗത വകുപ്പിന്‍റെ തീരുമാനം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി.