< Back
Kuwait
Kuwait bans outdoor work from noon today.
Kuwait

ഉച്ചക്ക് തുറസ്സായ സ്ഥലങ്ങളിൽ ജോലി വേണ്ട; കുവൈത്തിൽ ഇന്ന് മുതൽ പുറംജോലികൾക്ക് നിയന്ത്രണം

Web Desk
|
1 Jun 2025 10:49 AM IST

രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് വിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചനേരത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിന് ഇന്ന് മുതൽ നിയന്ത്രണം. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ആണ് പ്രഖ്യാപനം നടത്തിയത്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽവരുന്ന നിയമം ആഗസ്റ്റ് 31 വരെ തുടരും. വേനൽക്കാലത്തെ കനത്ത ചൂടിന്റെ ഗുരുതര ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് നിയന്ത്രണം. 2015ലാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം ആദ്യമായി അവതരിപ്പിച്ചത്.

വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്‌പെക്ഷൻ ടീമുകളുടെ നേതൃത്വത്തിൽ കർശന പരിശോധനയും തുടങ്ങും. താപനില ഉയർന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴിൽ സുരക്ഷാ മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് ഡെലിവറി ബൈക്കുകൾക്കും പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുറംജോലി നിരോധനത്തിന്റെ ലംഘനങ്ങൾ 24936192 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

Similar Posts