
കുവൈത്ത് ദേശീയ-വിമോചന ദിനങ്ങൾ ആഘോഷിക്കുന്ന വിദ്യാര്‍ഥികള്‍
കുവൈത്ത് ദേശീയ-വിമോചന ദിനങ്ങൾ ആഘോഷിച്ചു
|രാജ്യത്തെ വിവിധ പാർക്കുകളിലും ബീച്ചുകളിലും ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തി
കുവൈത്ത്സിറ്റി: സ്വാതന്ത്ര്യത്തിന്റെയും അധിനിവേശ ശക്തികളിൽ നിന്നുള്ള മോചനത്തിന്റെയും സ്മരണ പുതുക്കി കുവൈത്ത് ദേശീയ-വിമോചന ദിനങ്ങൾ ആഘോഷിച്ചു. രാജ്യത്തെ വിവിധ പാർക്കുകളിലും ബീച്ചുകളിലും ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തി.
ഇറാഖ് അധിനിവേശത്തില്‍ നിന്നും മോചിതരായതിന്‍റെ ഓര്‍മ്മകള്‍ പുതുക്കി കുവൈത്ത് 31 മത് വിമോചന ദിനം കുവൈത്ത് ആഘോഷിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കി വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. പിടിച്ചെടുക്കലിന്റെയും അടക്കിഭരിക്കലിന്റെയും ദുസ്സഹമായ ഓർമകളിൽ നിന്നും വളർച്ചയുടെയും ഉയർച്ചയുടെയും പുതിയ പടവുകള്‍ അടയാളപ്പെടുത്തിയാണ് രാജ്യം 62ാമത് ദേശീയദിനവും, 31ാമത് വിമോചന ദിനവും പിന്നിട്ടത്.
ആഘോഷത്തിന്‍റെ ഭാഗമായി ദേശീയ വിമോചന ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നീവ കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. ദേശീയ പതാകകളുമായി ജനങ്ങൾ തെരുവിൽ ആഹ്ലാദം പങ്കുവെച്ചു. കെട്ടിടങ്ങളും വീടുകളും വർണവെളിച്ചത്തിൽ തിളങ്ങി. ദേശീയ ആഘോഷത്തിനായി ആയിരക്കണക്കിന് പേരാണ് ഗള്‍ഫ് സ്ട്രീറ്റില്‍ അണിനിരന്നത്. വിവിധ പരിപാടികളുമായി പ്രവാസി കൂട്ടായ്മകളും ദേശീയ ദിനാഘോഷത്തില്‍ സജീവമായി പങ്ക് ചേര്‍ന്നു.