< Back
Kuwait
Kuwait conducts medical examinations on more than half a million expatriates annually
Kuwait

കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾക്ക് ആരോഗ്യ പരിശോധന

Web Desk
|
5 April 2025 2:48 PM IST

ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി/എയ്ഡ്‌സ് എന്നിവയാണ് സാധാരണ കണ്ടെത്തുന്നതെന്ന് ഡോ. ഗാസി അൽ-മുതൈരി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു. പകർച്ചവ്യാധികൾ തിരിച്ചറിയാനും പ്രവാസികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവരുടെ ആരോഗ്യ ക്ഷമത ഉറപ്പാക്കാനുമാണ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ലേബർ സ്‌ക്രീനിംഗ് യൂണിറ്റ് സമഗ്ര ആരോഗ്യ പരിശോധനകൾ നടത്തുന്നത്.

കുവൈത്തിൽ ഉണ്ടാകാവുന്ന ആരോഗ്യ അപകടസാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധമാണ് ഈ യൂണിറ്റെന്ന് യൂണിറ്റ് മേധാവി ഡോ. ഗാസി അൽ-മുതൈരി പറഞ്ഞു. പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നതായും വ്യക്തമാക്കി.

നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, പരിശോധനാ കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായുള്ള സഹകരണം എന്നിവയുൾപ്പെടെ രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള യൂണിറ്റിന്റെ ശ്രമങ്ങളെ ഡോ. അൽ-മുതൈരി ചൂണ്ടിക്കാട്ടി. ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി/എയ്ഡ്‌സ്, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടെത്താനുള്ള ആരോഗ്യ പരിശോധനകൾ നടത്തി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രവാസി ലേബർ സ്‌ക്രീനിംഗ് യൂണിറ്റ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. അൽ-മുതൈരി വിശദീകരിച്ചു.

കൂടാതെ, പ്രവാസികൾക്ക് മെനിഞ്ചൈറ്റിസ് വാക്‌സിനുകൾ ഉൾപ്പെടെയുള്ള ആവശ്യമായ വാക്‌സിനേഷനുകൾ ലഭിക്കുന്നുണ്ടെന്ന് യൂണിറ്റ് ഉറപ്പാക്കുകയും കൂടെയുള്ള കുട്ടികൾക്ക് ശരിയായ രീതിയിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചെയ്യുന്നതായും വ്യക്തമാക്കി.

പ്രവാസികളുടെ ആരോഗ്യം നിരീക്ഷിക്കാനും താമസ പ്രക്രിയ വേഗത്തിലാക്കാനുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനത്തിൽ പരിശോധനാ ഫലങ്ങൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുന്നു.

നിലവിൽ, ആരോഗ്യ മന്ത്രാലയം കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലായി അഞ്ച് പ്രധാന ലേബർ സ്‌ക്രീനിംഗ് സെന്ററുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഷുവൈഖ് മെയിൻ സെന്റർ, ഫഹാഹീൽ സെന്റർ, റുമൈത്തിയ സെന്റർ, ജഹ്റ സെന്റർ, സുബ്ഹാൻ സെന്റർ എന്നിവയാണത്. ഈ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകുന്നേരം 6:00 വരെ തുറന്നിരിക്കും.

പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതോടെ, നിലവിലുള്ള സൗകര്യങ്ങളിലെ തിരക്ക് കുറയ്ക്കാനും മൊത്തത്തിലുള്ള ശേഷി വർധിപ്പിക്കുന്നതിനുമായി പുതിയ മേഖലകളിൽ കൂടുതൽ സ്‌ക്രീനിംഗ് സെന്ററുകൾ സ്ഥാപിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നുവെന്ന് ഡോ. അൽ-മുതൈരി സ്ഥിരീകരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ (EHR) എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളൾ മെഡിക്കൽ പരിശോധനാ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും കൂടുതൽ കൃത്യമായ രോഗനിർണയം ഉറപ്പാക്കാനും സഹായിക്കുന്നു.

ക്ഷയം, ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി, മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള പരിശോധനകൾ ഉൾപ്പെടെ പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം മുതൽ ആറ് ലക്ഷം വരെ മെഡിക്കൽ പരിശോധനകൾ യൂണിറ്റ് നടത്തുന്നുണ്ടെന്ന് ഡോ. അൽ-മുതൈരി വ്യക്തമാക്കി.

സ്‌ക്രീനിംഗുകളിൽ സാധാരണയായി കണ്ടെത്തുന്ന രോഗങ്ങൾ ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്‌ഐവി/എയ്ഡ്‌സ് എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധികൾ തിരിച്ചറിയുമ്പോൾ, രോഗനിർണയം സ്ഥിരീകരിക്കാനായി പുനഃപരിശോധനകൾ നടത്തുകയും ഉചിത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്ന കേസുകൾ നീക്കം ചെയ്യുന്നു, അതേസമയം ചികിത്സിക്കാവുന്ന കേസുകൾ പ്രത്യേക മെഡിക്കൽ സെന്ററുകളിലേക്ക് റഫർ ചെയ്യുന്നു.

തൊഴിലാളികളുടെ എണ്ണത്തിലെ വർധനവ് സ്‌ക്രീനിംഗ് സെന്ററുകൾക്ക് വലിയ വെല്ലുവിളിയാണ്. ഇത് പരിഹരിക്കുന്നതിന്, കൂടുതൽ നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും സംയോജിപ്പിക്കാനും പരിശോധനകളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യൂണിറ്റ് പ്രവർത്തിച്ചുവരികയാണ്.

Similar Posts