
ദുർമന്ത്രവാദം ഇവിടെ വേണ്ട!; കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മന്ത്രവാദ വസ്തുക്കൾ പിടികൂടി
|ഷുവൈഖ് തുറമുഖത്ത് നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വസ്തുക്കൾ പിടികൂടിയത്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച ദുർമന്ത്രവാദ സാമഗ്രികൾ ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരുടെ ലഗേജുകൾ പരിശോധിക്കുന്നതിനിടെ തോന്നിയ സംശയമാണ് രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും സാമൂഹിക സുരക്ഷയെയും വെല്ലുവിളിക്കുന്ന ഈ പ്രവൃത്തി കണ്ടെത്തുന്നതിൽ നിർണായകമായത്.
നോർത്തേൺ പോർട്ട്സ്, ഫൈലാക്ക ഐലൻഡ് കസ്റ്റംസ് വിഭാഗത്തിലെ പാസഞ്ചർ ഇൻസ്‌പെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് ഈ നിർണായകമായ കണ്ടെത്തലിന് പിന്നിൽ. സൂക്ഷ്മമായ പരിശോധനയിൽ, ലഗേജുകൾക്കുള്ളിൽനിന്ന് ഏലസ്സുകൾ, മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന താളിയോലകൾ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്ന് കസ്റ്റംസ് അധികൃതർ ചൂണ്ടിക്കാട്ടി. നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും, നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.