< Back
Kuwait
കുവൈത്തിൽ 50,000 ദിനാർ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ‌
Kuwait

കുവൈത്തിൽ 50,000 ദിനാർ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ‌

Web Desk
|
21 Nov 2025 2:26 PM IST

ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൾ ഉപയോഗിച്ച് ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്

കുവൈത്ത് സിറ്റി: കുവൈത്തിൽ 50,000 ദിനാർ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ ക്രിമിനൽ സുരക്ഷാ വിഭാഗത്തിലെ ഫോർജറി ആന്റ് കൗണ്ടർഫീറ്റിംഗ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഓഡിയോ, വീഡിയോ റെക്കോർഡിംഗുകൾ ഉപയോഗിച്ച് ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട വർക്ക്‌ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകാമെന്ന് പറഞ്ഞ് പ്രതി പ്രവാസി ഉടമയെ വിളിക്കുകയായിരുന്നു. താൻ സർക്കാർ ഏജൻസിയിലെ ഇൻസ്പെക്ടറാണെന്ന് പറയുകയും ചെയ്തു. തുടർന്ന് സ്ഥിരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട വർക്ക്ഷോപ്പ് താൽക്കാലികമാക്കി മാറ്റാമെന്നും അതിനായി 2 ലക്ഷം ദിനാർ ആവശ്യപ്പെട്ടതായും പരാതിക്കാരൻ ഡിറ്റക്ടീവുകളോട് വിശദീകരിച്ചു. ഇതിന്റെ അഡ്വാൻസായി 50,000 ദിനാർ നൽകണമെന്നും ഇൻസ്പെക്ടർ ആവശ്യപ്പെട്ടിരുന്നു. അൽ അബ്ദലി ഏരിയയിലെ തന്റെ ഫാമിൽ വെച്ച് പണമായി അഡ്വാൻസ് നൽകണമെന്ന് ഇൻസ്പെക്ടർ ഉടമയോട് പറഞ്ഞു. തുടർന്ന് കൈക്കൂലി സ്വീകരിക്കുന്നതിനിടെ ഇൻസ്പെക്ടറെ അധികൃതർ പിടികൂടുകയും ചെയ്തു.

Similar Posts