< Back
Kuwait
നൂതന ശസ്ത്രക്രിയാ രീതിയിലൂടെ ലോകത്തിലാദ്യമായി ഉമിനീർഗ്രന്ഥിയിലെ കല്ലുകൾ നീക്കം ചെയ്ത് കുവൈത്തി ഡോക്ടർ
Kuwait

നൂതന ശസ്ത്രക്രിയാ രീതിയിലൂടെ ലോകത്തിലാദ്യമായി ഉമിനീർഗ്രന്ഥിയിലെ കല്ലുകൾ നീക്കം ചെയ്ത് കുവൈത്തി ഡോക്ടർ

Web Desk
|
18 July 2022 10:30 PM IST

ഫർവാനിയ ആശുപത്രിയിലെ ഓട്ടോളറിംഗോളജി കൺസൽട്ടന്റ് ഡോ. മിഷാൽ അൽ മുത്തൈരിയാണ് അപൂർവ ശസ്ത്രക്രിയയിലൂടെ കുവൈത്ത് ആരോഗ്യമേഖലക്ക് അഭിമാനമായത്.

കുവൈത്ത് സിറ്റി: നൂതന ശസ്ത്രക്രിയാ രീതിയിലൂടെ ലോകത്തിലാദ്യമായി ഉമിനീർഗ്രന്ഥിയിലെ കല്ലുകൾ നീക്കം ചെയ്ത് കുവൈത്തി ഡോക്ടർ. ഫർവാനിയ ആശുപത്രിയിലെ ഓട്ടോളറിംഗോളജി കൺസൽട്ടന്റ് ഡോ. മിഷാൽ അൽ മുത്തൈരിയാണ് അപൂർവ ശസ്ത്രക്രിയയിലൂടെ കുവൈത്ത് ആരോഗ്യമേഖലക്ക് അഭിമാനമായത്. ഉമിനീർ ഗ്രന്ഥിയായ പരോട്ടിഡിൽനിന്ന് കല്ലുകൾ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയാണ് ഡോ. മിഷാൽ അൽ മുത്തൈരിയെ അപൂർവ നേട്ടത്തിന് ഉടമയാക്കിയത്.

16 വയസ്സുള്ള പെൺകുട്ടിയെ ആണ് സർജറിക്ക് വിധേയമാക്കിയത്. ഈ പ്രായത്തിൽ പരോട്ടിഡ് ഗ്രന്ഥിയിൽ കല്ലുകളുടെ സാന്നിധ്യം വളരെ അപൂർവമാണെന്ന് അൽ-മുതൈരി പറഞ്ഞു. രോഗിയുടെ മുഖ സൗന്ദര്യം സംരക്ഷിച്ചുകൊണ്ട് പാടുകൾ ഇല്ലാതെ കല്ലുകൾ നീക്കം ചെയ്യാനുള്ള പരിശ്രമമാണ് വിജയം കണ്ടത്. ശബ്ദരശ്മികൾ ഉപയോഗിച്ചാണു കല്ലുകളുടെ സ്ഥാനം നിർണയിച്ചത്. തുടർന്ന് ചെവിക്കകത്ത് ഉണ്ടാക്കിയ സൂക്ഷമമായി മുറിവിലൂടെ നീഡിൽ ഉപയോഗിച്ച് കല്ലുകൾ പുറത്തെടുക്കുകയായിരുന്നു. ഈ രീതിയിൽ ലോകത്ത് ആദ്യമായാണു ഉമിനീർ ഗ്രന്ഥിയിലെ കല്ലുകൾ നീക്കം ചെയ്യുന്നതെന്നു ഡോ. മിഷാൽ അൽ മുത്തൈരി പറഞ്ഞു.

തീരെ സങ്കീർണമല്ലാത്ത ശസ്ത്രക്രിയയായിരുന്നുവെന്നും പരോട്ടിഡ് ഗ്രന്ഥിക്കും മുഖത്തെ നാഡികൾക്കും യാതൊരു കോട്ടവുമില്ലാതെ കല്ലുകൾ നീക്കം ചെയ്യാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫർവാനിയ ആശുപത്രിയിൽ നടന്ന ഈ ശസ്ത്രക്രിയാ രീതി ഇനി മുതൽ കെയുഎസ് ഗൈഡഡ് റീം എന്ന പേരിൽ അറിയപ്പെടും. കുവൈത്ത് ആരോഗ്യമേഖലയുടെ അപൂർവനേട്ടം അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകളിൽ പ്രസിദ്ധീകരിക്കുമെന്നും ഡോ. മിഷാൽ അൽ മുതൈരി കൂട്ടിച്ചേർത്തു.

Related Tags :
Similar Posts