< Back
Kuwait
Applicants can opt for BLS International Services Courier Service of Embassy of India in Kuwait.
Kuwait

കുവൈത്ത് പൊതുമാപ്പ്; എമർജൻസി സർട്ടിഫിക്കറ്റിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി

Web Desk
|
20 March 2024 7:51 PM IST

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടത്.

കുവൈത്ത് സിറ്റി: പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റ് വേണ്ട അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. പാസ്‌പ്പോർട്ട് സേവന കേന്ദ്രമായ ബി.എൽ.എസ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച അടുത്ത പ്രവൃത്തി ദിവസം തന്നെ അപേക്ഷകൻ എംബസിയിൽ സന്ദർശിക്കണം. തുടർന്ന് ലഭിക്കുന്ന ടോക്കണുകളിൽ സൂചിപ്പിച്ചിരിക്കുന്ന തീയതികളിൽ ബി.എൽ.എസ് കേന്ദ്രങ്ങളിൽ നിന്നും ഔട്ട് പാസ് ലഭിക്കുമെന്നും എംബസി അറിയിച്ചു.

കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലാണ് നിലവിൽ ബി.എൽ.എസ് സെന്ററുകൾ ഉള്ളത്. മാർച്ച് 21 മുതൽ ഏപ്രിൽ എട്ട് വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിരിക്കുന്നതിനാൽ, ഈ ടോക്കൺ ഉടമകളെ മാത്രമേ ബി.എൽ.എസ് സെന്ററുകളിൽ നിലവിൽ സ്വീകരിക്കുകയുള്ളൂ. ഏപ്രിൽ എട്ടിന് ശേഷം സ്ലോട്ടുകൾ അനുസരിച്ച് പുതിയ അപേക്ഷകർക്ക് ടോക്കണുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ ടൈപ്പിങ് സെന്ററുകളിൽ നിന്നും അപേക്ഷകൾ പൂരിപ്പിക്കുന്നവർ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കണം.

പിഴ അടച്ച് താമസം നിയമവിധേയമാക്കാവാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നിലവിലെ സ്‌പോൺസറുടേയും, പുതിയ സ്‌പോൺസറുടേയും സിവിൽ ഐഡിയും ആവശ്യമായ മറ്റ് രേഖകളുമായി ബി.എൽ.എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി എംബസിയുടെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ വഴിയോ ബന്ധപെടാവുന്നതാണ്.

Related Tags :
Similar Posts