< Back
Kuwait
വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രതാ  നിര്‍ദേശവുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
Kuwait

വ്യാജ വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം

Web Desk
|
6 Jun 2022 9:14 PM IST

വ്യാജ വെബ്സൈറ്റുകള്‍ വഴി പണവും വ്യക്തി വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുടെ പേരിലുള്‍പ്പെടെ വ്യാജ വെബ്‌സൈറ്റുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരിലാണ് പിഷിങ് വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എസ്.എം.എസ്/വാട്‌സാപ് ലിങ്ക് വഴി വിവരങ്ങള്‍ തേടുന്നതാണ് മിക്ക സൈറ്റുകളുടെയും പ്രവര്‍ത്തനരീതി. ഷോപ്പിങ് വെബ്‌സൈറ്റുകള്‍ വ്യാജമായി സൃഷ്ടിച്ചും തട്ടിപ്പ് സജീവമാകുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ വെച്ചാണ് പല വെബ്സൈറ്റുകളും കൈകാര്യം ചെയ്യുന്നത്.

ഔദ്യോഗിക സംവിധാനങ്ങളുടെ പേരില്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ലിങ്കുകളോട് പ്രതികരിക്കരുതെന്നും ഫോണ്‍ കാളുകള്‍ക്ക് പ്രതികരിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതു വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് പണമിടപാട് നടത്തരുത്. അറിയപ്പെടാത്തെ വെബ്‌സൈറ്റുകള്‍ക്ക് വന്‍തുക അയക്കരുത്, വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം. സംശയം തോന്നുന്ന രീതിയില്‍ അതിശയിപ്പിക്കുന്ന ഓഫറുകളുമായി എത്തുന്ന സൈറ്റുകളില്‍ പ്രത്യേകം ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

Similar Posts