< Back
Kuwait
കുവൈത്ത് അസംബ്ലി തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു
Kuwait

കുവൈത്ത് അസംബ്ലി തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

Web Desk
|
7 Sept 2022 10:26 PM IST

അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 376 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്

കുവൈത്തിൽ നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. അവസാനദിവസം മൂന്നു വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 26 പേരാണ് പത്രിക സമർപ്പിച്ചത്. ഇതോടെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 376 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

നാഷണൽ അസംബ്ലി തിരഞ്ഞടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രെജിസ്ട്രേഷൻ ബുധനാഴ്ച അവസാനിച്ചപ്പോൾ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 27 വനിതകൾ ഉൾപ്പെടെ 376 പേരാണ് മത്സരരംഗത്തുള്ളത് 2020 ലെ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഇത്തവണ നേരിയ കുറവുണ്ട്. 395 പേരായിരുന്നു കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നത്. സെപ്റ്റംബർ 29 നാണു കുവൈത്ത് പാർലിമെന്റ് ആയ മജ്ലിസ് ഉൽ ഉമ്മയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്. കുവൈത്ത് തിരഞ്ഞടുപ്പ് ചട്ടം അനുസരിച്ചു വോട്ടെടുപ്പിന്‍റെ ഏഴു നാൾ മുൻപ് വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസരമുണ്ടാകും. ഇതനുസരിച്ച് സെപ്റ്റംബർ 22 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി.

രജിസ്ട്രേഷൻ പൂർത്തിയായയതോടെ സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രചാരണത്തിനായുള്ള വലിയ ബിൽബോർഡുകളും മറ്റും തെരുവുകളിൽ ഉയർന്നു കഴിഞ്ഞു. അഞ്ച് അസ്സംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നായി അമ്പതു പേരാണ് പാർലിമെന്റിൽ എംപിമാരായി എത്തുക. അതിനിടെ തുടർച്ചയായി മൂന്നു തവണ പാർലമെന്റിനെ നയിച്ച മുൻസ്പീക്കർ മർസൂഖ് അൽഗാനിം ഇത്തവണ മത്സരത്തിനില്ലെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചു. വസ്തുനിഷ്ഠമായ ബോധ്യത്തിന്റെയും രാഷ്ട്രീയ ഉൾക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ്,തന്റെ തീരുമാനംഎന്നും രാഷ്ട്രീയ രംഗത്തിൽ നിന്നോ പൗരൻ എന്ന നിലക്കുള്ള കടമകളിൽ നിന്നോ അകന്നിരിക്കുകയാണെന്നു ഇത് അർത്ഥമാകുന്നില്ലെന്നും മർസൂഖ് അൽഗാനിം പ്രസ്താവനയിൽ വ്യക്തമാക്കി.

Related Tags :
Similar Posts