< Back
Kuwait
പ്രവാസി തൊഴിലാളികളുടെ സുരക്ഷ;നിയമ, ഡിജിറ്റൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്
Kuwait

പ്രവാസി തൊഴിലാളികളുടെ സുരക്ഷ;നിയമ, ഡിജിറ്റൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്

Web Desk
|
26 Jun 2025 2:24 PM IST

വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോ​ഗത്തിലാണ് തീരുമാനം

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ തൊഴിൽ അന്തരീക്ഷം നൽകുന്നതിനുമുള്ള പ്രതിബദ്ധത വ്യക്തമാക്കി കുവൈത്ത്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോ​ഗത്തിൽ മനുഷ്യാവകാശ വകുപ്പ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് കുവൈത്ത് ട്രേഡ് യൂണിയൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. കുവൈത്തിന്റെ മനുഷ്യാവകാശ നടപടികൾ മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള തുടർച്ചയായ സഹകരണം വർദ്ധിപ്പിക്കാൻ യോ​ഗം ആവശ്യപ്പെട്ടു. ഭാവിയിലെ മനുഷ്യക്കടത്ത് കേസുകൾ തടയുക, വ്യവസ്ഥാപിത പ്രക്രിയ ഉറപ്പാക്കുക, നയതന്ത്രത്തിന്റെ പങ്ക് സജീവമാക്കുക എന്നിവ ലക്ഷ്യമിട്ട് തൊഴിൽ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനായുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. കൂടാതെ, സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി അമീറിന്റെ നിർദ്ദേശ പ്രകാരം, ഇലക്ട്രോണിക് കരാറുകളിലേക്ക് ഡാറ്റ ലോഗ് ചെയ്യുന്ന പ്രക്രിയ സുഗമമാക്കുന്നുണ്ട്. നിയമപാലകരും മനുഷ്യക്കടത്ത് കേസുകളിൽ വൈദഗ്ദ്ധ്യമുള്ള ഏജൻസികളും അവരുടെ പ്രകടനം വർദ്ധിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ ജവഹർ ഇബ്രാഹിം അൽ-ദുവൈജ് അൽ-സബാഹ് വ്യക്തമാക്കി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി സഹകരിച്ച്, കുടിയേറ്റ തൊഴിലാളി അഭയകേന്ദ്രങ്ങളിലെ പുതിയ ജീവനക്കാർക്കായി പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.

Similar Posts