< Back
Kuwait
യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച് കുവൈത്തിന്റെ അടിയന്തര സഹായം
Kuwait

യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച് കുവൈത്തിന്റെ അടിയന്തര സഹായം

Web Desk
|
10 March 2022 11:46 PM IST

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക വിമാനത്തിൽ മരുന്നും ഭക്ഷ്യസാധനങ്ങളും യുക്രൈനിലേക്ക് അയച്ചത്

യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈന് അടിയന്തര സഹായമെത്തിച്ച് കുവൈത്ത്. യുക്രൈൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച് കൊടുത്തായിരുന്നു കുവൈത്തിന്റെ സഹായം. 33.5 ടൺ സഹായവസ്തുക്കളുമായി കുവൈത്ത് വ്യോമസേനയുടെ വിമാനം അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ നിന്ന് പോളണ്ടിലേക്ക് പുറപ്പെട്ടു.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക വിമാനത്തിൽ മരുന്നും ഭക്ഷ്യസാധനങ്ങളും യുക്രൈനിലേക്ക് അയച്ചത്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ നിർദേശ പ്രകാരമാണ് യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രേനിയൻ അഭയാർത്ഥികൾക്ക് സഹായം എത്തിക്കുന്നതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയർമാൻ ഡോ ഹിലാൽ അൽസായിർ പറഞ്ഞു .

ആവശ്യമരുന്നുകൾ, നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ ഉൾപ്പെടെ 33.5 ടൺ വരുന്ന സാധനങ്ങളുമായാണ് പ്രത്യേക വിമാനം വ്യാഴാഴ്ച അബ്ദുല്ല അൽ മുബാറക് സൈനിക വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് . അടിയന്തര സഹായം ആവശ്യമുള്ള രാജ്യങ്ങളിൽ, പ്രത്യേകിച്ച് മാനുഷിക പ്രതിസന്ധികളോ പ്രകൃതിദുരന്തങ്ങളോ മൂലം ദുരിതമനുഭവിക്കുന്നവർക്ക്, ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്നതിൽ കുവൈത്തിന്റെ പ്രതിബദ്ധത ഡോ ഹിലാൽ അൽ സായിർ ഊന്നിപ്പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കാര്യത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും നിലപാടുകളെ അഭിനന്ദിച്ച അദ്ദേഹം ദൗത്യം വിജയകരമാക്കിയതിനു വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും നന്ദി അറിയിച്ചു.

Similar Posts