< Back
Kuwait
Kuwait simplifies visit visa procedures
Kuwait

സന്ദർശന വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി കുവൈത്ത്

Web Desk
|
31 Dec 2025 5:27 PM IST

അഞ്ച് മിനിറ്റിനുള്ളിൽ വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശന വിസ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി സർക്കാർ. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അഞ്ച് മിനിറ്റിനുള്ളിൽ വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്‌യൂദ് അൽ-മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്.

കുടുംബം, ബിസിനസ്, ടൂറിസ്റ്റ് വിഭാഗങ്ങളിലായി ആഴ്ചയിൽ 17,000 മുതൽ 20,000 വരെ വിസിറ്റ് വിസകൾ അനുവദിക്കുന്നുണ്ടെന്നും സീസണനുസരിച്ച് 25,000-ലധികം റെസിഡൻസി പെർമിറ്റുകളും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സഹ്ൽ, കുവൈത്ത് വിസ തുടങ്ങിയ ഡിജിറ്റൽ ആപ്പുകൾ വഴി റെസിഡൻസി സേവനങ്ങളുടെ 85 ശതമാനത്തിലധികവും ഇപ്പോൾ 24 മണിക്കൂറും ഓൺലൈനായി ലഭ്യമാണ്. നിയമപരമായ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ സർക്കാർ പ്രഖ്യാപിച്ച പുതിയ റെസിഡൻസി നിയമം നവംബർ 23 മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും ഭാഗമായാണ് നിയമപരിഷ്‌കാരം. പുതിയ നിയമപ്രകാരം റെസിഡൻസി വിസകൾ ഒമ്പത് വിഭാഗങ്ങളായും വിസിറ്റ് വിസകൾ പന്ത്രണ്ട് വിഭാഗങ്ങളായും തരംതിരിച്ചിട്ടുണ്ട്.

വിദേശ നിക്ഷേപകർക്ക് 15 വർഷം വരെ താമസാനുമതിയും കുവൈത്ത് സ്ത്രീകളുടെ കുട്ടികൾക്കും സ്വത്തുടമകൾക്കും 10 വർഷത്തെ റെസിഡൻസിയും അനുവദിക്കും. എല്ലാ ജോലി, വിസിറ്റ് വിസകൾക്കും പ്രതിമാസം 10 ദിനാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

റെസിഡൻസി പെർമിറ്റ് ഇനി പാസ്പോർട്ട് സാധുതയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും സാധുവായ പാസ്പോർട്ട് ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.

Similar Posts