< Back
Kuwait
കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാൻ  നിരീക്ഷണം ശക്തമാക്കി
Kuwait

കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാൻ നിരീക്ഷണം ശക്തമാക്കി

Web Desk
|
5 May 2022 9:00 AM IST

അവശ്യവസ്തുക്കളുടെ കൃത്രിമക്ഷാമം ഉണ്ടാക്കി വില വർധിപ്പിക്കാനുള്ള നീക്കം തടയുമെന്ന് വാണിജ്യ മന്ത്രാലയം

കുവൈത്ത്: കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാൻ വാണിജ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. ചില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അനുഭവപ്പെടുന്ന ക്ഷാമത്തിന് കാരണം പൂഴ്ത്തിവെപ്പാണെന്ന സംശയത്തെ തുടർന്നാണ് നടപടി.

അവശ്യവസ്തുക്കളുടെ കൃത്രിമക്ഷാമം ഉണ്ടാക്കി വില വർധിപ്പിക്കാനുള്ള നീക്കം തടയുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവെപ്പ് തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമീപ ഭാവിയിൽ ചില ഉൽപ്പന്നങ്ങൾക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്. റമദാൻ കഴിഞ്ഞാൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണം ഒഴിവാക്കാൻ വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വില നിയന്ത്രണത്തിൽ നിന്ന് മന്ത്രാലയം പിൻവാങ്ങിയാൽ ഉയർന്ന വിലക്ക് വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കരിഞ്ചന്തക്കാർക്ക്. മന്ത്രാലയത്തിന്‍റെ വിലനിയന്ത്രണത്തിന്‍റെ ഫലമായി നിലനിൽപ്പ് പ്രതിസന്ധിയിലാണെന്നും കുവൈത്ത് വിപണിയിൽ ആവശ്യത്തിന് ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും വിതരണ കമ്പനികൾ വാണിജ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റമദാൻ കഴിഞ്ഞാൽ വില നിയന്ത്രണത്തിൽ നിന്ന് പിൻവാങ്ങുമെന്ന് മന്ത്രി സൂചന നൽകിയത്. ഇത് മുന്നിൽ കണ്ടു ചില മൊത്തവ്യാപാരികൾ കയ്യിലുള്ള സ്റ്റോക്ക് പൂഴ്ത്തിവെക്കാൻ ആരംഭിച്ചതായാണ് സംശയം. നിലവിൽ വിവിധ ഉൽപന്നങ്ങളുടെ പരമാവധി വില മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Tags :
Similar Posts