
കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നു
|സംശയകരമായ ഏത് ദേശീയ-രാജ്യാന്തര ഇടപാടുകളെ സംബന്ധിച്ചും അതോരിറ്റി അന്വേഷണം നടത്തും
കുവൈത്തില്‍ അഴിമതിക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 68 അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി കുവൈത്ത് അഴിമതി വിരുദ്ധ അതോരിറ്റി അറിയിച്ചു. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലുടെയും മാധ്യമങ്ങളിലുടെയും മന്ത്രാലയം നിരീക്ഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അതോരിറ്റിയുടെ തീരുമാനം. 2016 മുതല്‍ 140ലധികം അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും അതോരിറ്റി വകുപ്പ് ഡയറക്ടർ ഇസ അൽനേസി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുണ്ടെങ്കിൽ തെളിവ് സഹിതം അഴിമതി വിരുദ്ധ ഏജൻസിയെ അറിയിക്കണം. പൊതുപണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ നിയമ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംശയകരമായ ഏത് ദേശീയ-രാജ്യാന്തര ഇടപാടുകളെ സംബന്ധിച്ചും അതോരിറ്റി അന്വേഷണം നടത്തും. ഭരണഘടനയുടെ ആർട്ടിക്കിൾ 22-ൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് പ്രാഥമികമായി പരിശോധിക്കുക. തുടര്‍ന്ന് സംശയാസ്പദമായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാകും നടപടി സ്വീകരിക്കുകയെന്ന് അൽനേസി പറഞ്ഞു. അഴിമതി നടത്തുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതും അനുവദിക്കില്ലെന്നും രാജ്യത്തു നിന്ന് അഴിമതി തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.