< Back
Kuwait
കുവൈത്ത് ദേശീയ ദിനം; ദേശീയ പതാക കൈകാര്യം ചെയ്യുന്നതിൽ മാർഗനിർദേശവുമായി കുവൈത്ത് മുനിസിപ്പാലിറ്റി
Kuwait

കുവൈത്ത് ദേശീയ ദിനം; ദേശീയ പതാക കൈകാര്യം ചെയ്യുന്നതിൽ മാർഗനിർദേശവുമായി കുവൈത്ത് മുനിസിപ്പാലിറ്റി

Web Desk
|
14 Feb 2026 8:28 PM IST

കീറിയതോ നിറം മങ്ങിയതോ ആയ പതാകകൾ ഉയർത്തരുത്

കുവൈത്ത് സിറ്റി: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ദേശീയ പതാക ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും മര്യാദകളും സംബന്ധിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പതാകയുടെ അന്തസ്സും പ്രതീകാത്മകതയും നിലനിർത്തുന്നതിനും പൗരന്മാരിലും താമസക്കാരിലും ദേശീയ മൂല്യങ്ങൾ വളർത്തുന്നതിനുമായി മാർ​ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുൻസിപ്പാലിറ്റി വക്താവ് മുഹമ്മദ് സന്ദാൻ അറിയിച്ചു.

പതാകയിലെ കറുത്ത നിറം പതാക സ്തംഭത്തോട് ചേർന്നായിരിക്കണം വരേണ്ടത്. പച്ച നിറം മുകൾഭാഗത്തും, വെള്ള നടുവിലും, ചുവപ്പ് താഴെയും വരണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. പതാക വേഗത്തിൽ ഉയർത്തുകയും വളരെ സാവധാനം താഴ്ത്തുകയും വേണം. പതാക എപ്പോഴും വൃത്തിയുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായിരിക്കണം. കീറിയതോ നിറം മങ്ങിയതോ ആയ പതാകകൾ ഉയർത്തരുത്. പതാക തലതിരിച്ച് കെട്ടുന്നത് ശിക്ഷാർഹമാണ്. പതാകയിൽ ചിത്രങ്ങൾ വരയ്ക്കാനോ എഴുത്തുകൾ ചേർക്കാനോ പാടില്ല. പതാക തറയിൽ (മണ്ണിൽ) തട്ടാൻ അനുവദിക്കരുത്. പരസ്യങ്ങൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ബ്രാൻഡിങിനോ പതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയെ ആദരിക്കുക എന്നത് ഓരോ പൗരന്റെയും താമസക്കാരന്റെയും കടമയാണെന്ന് മുഹമ്മദ് സന്ദാൻ ഓർമപ്പെടുത്തി.

Similar Posts