
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വാണിജ്യ സർവീസുകൾ ആരംഭിച്ചു
|കൊച്ചിയിൽ നിന്നുള്ള ജസീറ എയർവെയ്‌സ് വിമാനമാണ് ആദ്യമെത്തിയത്. ഒന്നര വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങൾ സജീവമാകുന്നത്.
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വാണിജ്യ സർവീസുകൾ ആരംഭിച്ചു. ആദ്യദിനമായ ഇന്ന്(ചൊവ്വാഴ്ച) ഇന്ത്യക്കാരുമായി ആറു വിമാനങ്ങൾ കുവൈത്തിൽ എത്തി. കൊച്ചിയിൽ നിന്നുള്ള ജസീറ എയർവെയ്‌സ് വിമാനമാണ് ആദ്യമെത്തിയത്. ഒന്നര വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങൾ സജീവമാകുന്നത്.
കൊച്ചയിൽ നിന്ന് 167 യാത്രക്കാരുമായി പുറപ്പെട്ട ജസീറ എയർവേയ്സ് വിമാനം ചൊവാഴ്ച രാവിലെ 5.30ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തൊട്ടുപിറകെ 6മണിക്ക് മുംബൈയിൽ നിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനവുമെത്തി . 6.30ന് ചെന്നൈയിൽ നിന്നുള്ള കുവൈത്ത് എയർവേയ്സ് വിമാനവും ലാൻഡ് ചെയ്തു. ഡൽഹിയിൽ നിന്നുള്ള ജസീറ എയർവേയ്സ് വിമാനം രാവിലെ ഏഴു മണിക്കും കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 2.41നും കുവൈത്തിൽ എത്തിച്ചേർന്നു.
അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് രാത്രി ഒമ്പതിന് ശേഷമാണ് എത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും കുവൈത്ത് എയർവേയ്സ് സർവീസ് നടത്തും. വ്യാഴാഴ്ച കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമുണ്ട്. 250 കുവൈത്ത് ദിനാർ മുതലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക്. എന്നാൽ കുവൈത്ത് എയർവെയ്‌സ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ നിരക്ക് ഇതിന്റെ ഇരട്ടിയിലധികമാണ്. കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.