
കുവൈത്തില്‍ നിന്നും നാടുകടത്തിയ പ്രവാസികളുടെ അനധികൃത പ്രവേശനം തടഞ്ഞതായി കുവൈത്ത് അഭ്യന്തരമന്ത്രാലയം
|പ്രവേശനം നിഷേധിച്ചവരില്‍ 120 പേർ സ്ത്രീകളാണ്.
കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ട അഞ്ഞൂറിലേറെ പ്രവാസികളുടെ അനധികൃത പ്രവേശനം തടഞ്ഞതായി കുവൈത്ത് അഭ്യന്തര മന്ത്രാലയം. പ്രവേശനം നിഷേധിച്ചവരില്‍ 120 പേർ സ്ത്രീകളാണ്.
നാടുകടത്തപ്പെട്ട പ്രവാസികളെ തിരിച്ചറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് കുവൈത്ത് വ്യോമ-കര അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാജ പാസ്‌പോർട്ടിൽ രാജ്യത്തേക്ക് മടങ്ങിവരുവാന്‍ ശ്രമിച്ചവരെയാണ് വിമാനത്താവളത്തില്‍ തടഞ്ഞത്. അഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലാണ് നാട് കടത്തിയവരുടെ വിരലടയാളങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ച് വെക്കുന്നത്.
വ്യാജ പാസ്‌പോർട്ടുകളും പേരുകളിലും രാജ്യത്ത് എത്തിയാലും വ്യോമ-കര അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന ഫിംഗർ പ്രിന്റിംഗ് ഉപകരണങ്ങൾ വഴി ഇത്തരക്കാരെ പിടികൂടുവാന്‍ സാധിക്കും. 2011-ലാണ് വിമാനത്താവളത്തിൽ ഫിംഗർ പ്രിന്‍റ് ഉപകരണങ്ങൾ സ്ഥാപിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ വിരലടയാളം എടുത്ത് സെക്കൻഡുകൾക്കകം വ്യക്തിയുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം, അടിപിടി, മോഷണം, വ്യാജ മദ്യ നിർമ്മാണം, വിസ കാലാവധി കഴിഞ്ഞവര്‍ , കുവൈത്ത് നിയമങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങയ വിവിധ നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെട്ട പ്രവാസികളെയാണ് കഴിഞ്ഞ കാലങ്ങളില്‍ നാടുകടത്തിയത്.