< Back
Kuwait
Liquor factories inside farms in Al Abdali region; Asian gang arrested
Kuwait

അല്‍അബ്ദലി മേഖലയിലെ ഫാമുകള്‍ക്കുള്ളില്‍ മദ്യഫാക്ടറികള്‍; ഏഷ്യന്‍ സംഘം പിടിയില്‍

Web Desk
|
15 Oct 2025 7:28 PM IST

ഫാക്ടറികള്‍ കുവൈത്ത് പൊലീസ് പൊളിച്ചുമാറ്റി

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍അബ്ദലി മേഖലയിലെ ഫാമുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഫാക്ടറികള്‍ കുവൈത്ത് പൊലീസ് പൊളിച്ചുമാറ്റി. ആഭ്യന്തര മന്ത്രാലയത്തിന്റെയും പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ അഫയേഴ്‌സ് ആന്‍ഡ് ഫിഷ് റിസോഴ്‌സസിന്റെയും ഏകോപനത്തോടെ നടത്തിയ പരിശോധനയിലാണ് മേഖലയിലെ വാടക ഫാമുകളില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് അനധികൃത മദ്യ ഉല്‍പാദന ഫാക്ടറികള്‍ സുരക്ഷാ അധികൃതര്‍ കണ്ടെത്തിയത്.

അല്‍അബ്ദലി ഫാമുകളില്‍ പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെ ഫാമിലെ തൊഴിലാളി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഡയറക്ടറേറ്റ്‌സ് വിഭാഗവും അല്‍കഷ്ആനിയ പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സുരക്ഷാ സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യ നിര്‍മാണത്തിനായി സജ്ജീകരിച്ച ഫാക്ടറികള്‍ കണ്ടെത്തിയത്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന മദ്യ പദാര്‍ത്ഥങ്ങള്‍, നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ നിറച്ച നിരവധി പ്ലാസ്റ്റിക് കുപ്പികള്‍ സൈറ്റിലുണ്ടായിരുന്നു.

തുടരന്വേഷണത്തില്‍ അല്‍സബാഹിയ പ്രദേശത്ത് നിന്നുള്ള പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ഫാമിന്റെ ഒരു ഭാഗം വാടകയ്‌ക്കെടുത്ത് മദ്യനിര്‍മാണത്തിന് ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു. അല്‍അബ്ദലിയിലെ സമാനമായ മറ്റൊരു ഫാക്ടറിയെക്കുറിച്ചുള്ള വിവരങ്ങളും അയാള്‍ വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം രണ്ടാമത്തെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ നിര്‍മാണ ഉപകരണങ്ങളും മദ്യം അടങ്ങിയ ബാരലുകളും കണ്ടെത്തി. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട നിരവധി തൊഴിലാളികളെയും പിടികൂടി. ഏഷ്യന്‍ സംഘമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികളെ നിയമനടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറി.

Similar Posts