< Back
Kuwait
കുവൈത്തിൽ മൾട്ടിപ്പിൾ ട്രിപ്പ് എക്സിറ്റ് പെർമിറ്റ് സേവനം ആരംഭിച്ചു
Kuwait

കുവൈത്തിൽ മൾട്ടിപ്പിൾ ട്രിപ്പ് എക്സിറ്റ് പെർമിറ്റ് സേവനം ആരംഭിച്ചു

Web Desk
|
15 Jan 2026 9:21 PM IST

എക്സിറ്റ് പെർമിറ്റിന് പ്രീ അപ്രൂവൽ സംവിധാനവും നടപ്പിലാക്കിയതായി അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി നിശ്ചിത കാലയളവിനുള്ളിൽ ഒന്നിലധികം യാത്രകൾക്കായി ഒരൊറ്റ എക്സിറ്റ് പെർമിറ്റ് മതിയാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായി നടപടിക്രമങ്ങൾ ലളിതമാക്കി സമയം ശ്രമം ലാഭിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. മുൻപ് ഒരു യാത്രയ്ക്കായി മാത്രം അനുവദിച്ചിരുന്ന എക്സിറ്റ് പെർമിറ്റ്, ഇനി നിശ്ചിത കാലയളവിൽ പല യാത്രകൾക്കും അനുവദിക്കും. സേവനം ആഭ്യന്തര മന്ത്രാലയവുമായി ഇലക്ട്രോണിക് ആയി ബന്ധിപ്പിച്ചതിനാൽ പെർമിറ്റ് അംഗീകാരം ലഭിച്ചാൽ വിവരങ്ങൾ സ്വയമേവ കൈമാറ്റം നടക്കുകയും പെർമിറ്റ് ഉടൻ ലഭ്യമാകുകയും ചെയ്യും.

‘സഹൽ’ പോർട്ടൽ അല്ലെങ്കിൽ ‘സഹൽ ബിസിനസ്’ ആപ്പ് വഴി പെർമിറ്റ് തെരഞ്ഞെടുത്ത് ആരംഭ അവസാന തീയതികൾ നൽകി അപേക്ഷ സമർപ്പിക്കാം. ഇതിനൊപ്പം ആരംഭിച്ച പ്രീ അപ്രൂവൽ സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് തൊഴിലാളികൾക്ക് മുൻകൂർ അനുമതി നൽകാനും കഴിയും. പ്രീ അപ്രൂവൽ സജീവമാക്കിയാൽ തൊഴിലാളി അപേക്ഷ നൽകിയ ഉടൻ പെർമിറ്റ് സ്വയമേവ അനുവദിക്കും. ആവശ്യമായാൽ ഇത് ഏത് സമയവും പിൻവലിക്കാനോ റദ്ദാക്കാനോ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Similar Posts