
കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന
|സെപ്റ്റംബറിലോ ഒക്ടോബറിലോ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇടയുള്ളതിനാൽ പുതിയ മന്ത്രിസഭക്ക് ആയുസ് കുറവായിരിക്കും
കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 19 ന് ഇത് സംബന്ധിച്ച അമീറിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കും. പ്രധാനമന്ത്രിയാണ് മറ്റു മന്ത്രിമാരെ നാമനിർദേശം ചെയ്യുക. അതിനു അമീർ അംഗീകാരം നൽകണം. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം അവസാനമോ അടുത്തമാസം തുടക്കമോ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുൻപ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കേണ്ടതുണ്ട്. മറ്റു നിയമ നിർദേശങ്ങളിലെ ചർച്ചകളൊന്നും ഈ സെഷനിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബറിലോ ഒക്ടോബറിലോ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇടയുള്ളതിനാൽ പുതിയ മന്ത്രിസഭക്ക് ആയുസ് കുറവായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാർലമെന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കാബിനറ്റിലും മാറ്റമുണ്ടാകും. 26 എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് രാജിവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് മൂന്നുമാസമായി രാജ്യത്തെ ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.