< Back
Kuwait
No radiation leak detected in Gulf: International Atomic Energy Agency (IAEA)
Kuwait

ഗൾഫിൽ വികിരണ ചോർച്ച കണ്ടെത്തിയിട്ടില്ല: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ)

Web Desk
|
28 Jun 2025 3:36 PM IST

ഇസ്രായേൽ -ഇറാൻ സംഘർഷത്തെ തുടർന്നാണ്‌ പ്രതികരണം

ദുബൈ: ഇസ്രായേലും ഇറാനും തമ്മിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിന് ശേഷവും ഗൾഫ് മേഖലയിലെ വികിരണ അളവ് സാധാരണ പരിധിക്കുള്ളിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. വ്യോമാക്രമണങ്ങൾ ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കിയതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. ബുഷെഹറും ഫോർദോയും ഉൾപ്പെടെയുള്ള പ്രധാന ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ഇസ്രായേലി, യുഎസ് സൈനിക നടപടികളിൽ ലക്ഷ്യമിട്ടവയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തോടെ സംഘർഷം അപ്രതീക്ഷിതമായി അവസാനിച്ചിരിക്കുകയാണ്.

ഏതെങ്കിലും വലിയ റേഡിയോ ആക്ടീവ് പുറത്തുവന്നിട്ടുണ്ടെങ്കിൽ ഐഎഇഎയുടെ ആഗോള വികിരണ നിരീക്ഷണ സംവിധാനം അത് കണ്ടെത്തുമായിരുന്നുവെന്നും ഗ്രോസി വ്യക്തമാക്കി. 48 രാജ്യങ്ങളിലായുള്ള ഇന്റർനാഷണൽ റേഡിയേഷൻ മോണിറ്ററിംഗ് ഇൻഫർമേഷൻ സിസ്റ്റം (IRMIS) റേഡിയേഷൻ അളവ് നിരീക്ഷിക്കുകയും ന്യൂക്ലിയർ റിയാക്ടറുകളിൽ നിന്നുള്ള ഏതെങ്കിലും കാര്യമായ ഉദ്വമനം രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക ഡാറ്റ പതിവായി സ്വീകരിക്കുന്ന സംവിധാനമാണ് ഇന്റർനാഷണൽ റേഡിയേഷൻ മോണിറ്ററിംഗ് ഇൻഫർമേഷൻ സിസ്റ്റം.

'ആണവ സുരക്ഷാ കാഴ്ചപ്പാടിൽ നിന്ന് ഞങ്ങളുടെ പ്രധാന ആശങ്ക ബുഷെഹർ ആണവ നിലയവും ടെഹ്റാൻ ഗവേഷണ റിയാക്ടറും ആയിരുന്നു' ഗ്രോസി വിശദീകരിച്ചു. 'ഇവിടങ്ങളിലോ അവയുടെ ബാഹ്യ വൈദ്യുതി വിതരണത്തിലോ നേരിട്ടുള്ള ആക്രമണം ഇറാനും അയൽ രാജ്യങ്ങൾക്കും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന റേഡിയോളജിക്കൽ അപകടത്തിന് കാരണമാകുമായിരുന്നു - പ്രത്യേകിച്ച് ബുഷെഹറിന്റെ കാര്യത്തിൽ'. ഭാഗ്യവശാൽ, അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ സംഘട്ടന സമയത്ത് ആണവ കേന്ദ്രങ്ങൾ ഒരിക്കലും ലക്ഷ്യമിടരുതെന്നാണ് കാലങ്ങളായുള്ള ഐഎഇഐയുടെ നിലപാടെന്ന് ഗ്രോസി ഓർമിപ്പിച്ചു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇൻസ്‌പെക്ടർമാർക്ക് തുടർന്നും പ്രവേശനം അനുവദിക്കണമെന്നും പറഞ്ഞു.

അതേസമയം, ഐഎഇഎയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്ന ബിൽ ഇപ്പോൾ നിയമമായതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

Similar Posts