< Back
Kuwait
വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല; വ്യക്തമാക്കി കുവൈത്ത് അധികൃതര്‍
Kuwait

വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ല; വ്യക്തമാക്കി കുവൈത്ത് അധികൃതര്‍

Web Desk
|
30 July 2021 12:02 AM IST

കുവൈത്ത് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ ആണ് ഇക്കാര്യം 'മീഡിയവണ്ണി'നോട് വ്യക്തമാക്കിയത്

വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ലെന്ന് കുവൈത്ത് അധികൃതർ. വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ അധികം വൈകാതെ ആരംഭിക്കുമെന്നും യൂസഫ് അൽ ഫൗസാൻ 'മീഡിയവണ്ണി'നോടു പറഞ്ഞു.

കുവൈത്ത് അംഗീകരിച്ച വാക്‌സിനുകൾ എടുത്തവർക്കാണ് പ്രവേശനവിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ആവശ്യമില്ലെന്നും വ്യോമയാന വകുപ്പ് മേധാവി അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് അദ്ദേഹം 'മീഡിയവണ്ണി'നോട് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാം. അധികം വൈകാതെ തന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ പറഞ്ഞു. കുവൈത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസത്തിന് വകനൽകുന്നതാണ് കുവൈത്ത് അധികൃതരുടെ വാക്കുകൾ.

Similar Posts