< Back
Kuwait
വിഷമദ്യ ദുരന്തം:കുവൈത്തിൽ മദ്യം നിയമവിധേയമാക്കണമോയെന്ന ചർച്ച ശക്തമാകുന്നു
Kuwait

വിഷമദ്യ ദുരന്തം:കുവൈത്തിൽ മദ്യം നിയമവിധേയമാക്കണമോയെന്ന ചർച്ച ശക്തമാകുന്നു

Web Desk
|
22 Aug 2025 7:48 PM IST

മദ്യത്തിന്‍റെ നിയന്ത്രിത വിൽപന കൊണ്ടുവരുന്നത് കള്ളക്കടത്തും വിഷമദ്യം ഉപയോഗവും കുറയ്ക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിന് പിന്നാലെ മദ്യം നിയമവിധേയമാക്കണമോയെന്ന ചർച്ച ശക്തമാകുന്നു. 23 പേർ മരിക്കുകയും 160 തിലധികം പേർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിവാദം ഉയർന്നത്.

മദ്യത്തിന്‍റെ നിയന്ത്രിത വിൽപന കൊണ്ടുവരുന്നത് കള്ളക്കടത്തും വിഷമദ്യം ഉപയോഗവും കുറയ്ക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

അയൽ ഗൾഫ് രാജ്യങ്ങൾ പലതും ഇതിനകം മദ്യവിൽപന അനുവദിക്കുന്നുണ്ടെന്നും, 'പൊതുജനാരോഗ്യത്തിന് ഗുണകരമാകും' എന്നും അവർ പറയുന്നു. അതേസമയം, കുവൈത്ത് ഒരു ഇസ്ലാമിക രാജ്യമാണെന്നും മദ്യവിൽപന മതപരമായി നിരോധിതമാണെന്നും മതപണ്ഡിതർ ഓർമ്മിപ്പിക്കുന്നു. 'ദാരുണ സംഭവങ്ങൾ ഉണ്ടായാലും വിലക്ക് നീക്കാൻ കാരണമാവരുത്' എന്നാണ് അവരുടെ നിലപാട്.

മെഥനോൾ, എഥിലീൻ പോലുള്ള വിഷപദാർഥങ്ങൾ ചേർത്ത് നിർമിക്കുന്ന മദ്യം ജീവഹാനിക്ക് കാരണമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. മെഥനോൾ ശരീരത്തിന്റെ ദഹനവും നാഡീവ്യവസ്ഥയും തകർത്തു വേഗത്തിൽ മരണത്തിലേക്ക് നയിക്കാമെന്നും അവർ വ്യക്തമാക്കുന്നു. സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം, ഇത്തരം ഉൽപന്നങ്ങൾ 'വിദേശത്ത് നിർമ്മിച്ചത്' എന്ന വ്യാജ ലേബലിൽ വിപണിയിൽ ഇറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ക്രിസ്മസ് പുതുവത്സര സമയങ്ങളിൽ ഇത്തരം ഉൽപന്നങ്ങളുടെ വിൽപന വർധിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

"നിയമം ഫലപ്രദമാണെങ്കിൽ തുടരണം, എന്നാൽ നിരോധനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നുവെങ്കിൽ, കർശന നിയന്ത്രണങ്ങളോടെ നിയമാനുസൃത വിൽപന അനുവദിക്കണമെന്ന്" അന്താരാഷ്ട്ര നിയമ ഉപദേഷ്ടാവ് അൻവർ അൽ-റഷീദ് അഭിപ്രായപ്പെട്ടു. നിയന്ത്രിത വിൽപ്പന സുരക്ഷിതമാക്കുമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുമ്പോൾ, മതപണ്ഡിതർ നിരോധനം തുടരണം എന്ന നിലപാടിലാണ്. വിഷമദ്യ ദുരന്തം, കുവൈത്തിലെ മദ്യനിയന്ത്രണ നിയമം വീണ്ടും പരിശോധിക്കണമോ എന്ന ചോദ്യത്തിന് വാതിൽ തുറന്നിരിക്കുകയാണ്.

Similar Posts