
പ്രവാസി കേരളോത്സവം വെള്ളിയാഴ്‌ച; ആഘോഷത്തിമിർപ്പിൽ കലാകാരന്മാര്‍
|വരയും എഴുത്തും നൃത്തവും പാട്ടും രംഗ അവതരണങ്ങളുമൊക്കെയായി ഒരു ദിവസം നീളുന്നതാണ് ഉത്സവം
കുവൈത്ത് സിറ്റി: കൗമാരം ചിരിതൂകുന്ന കുവൈത്തിലെ വര്‍ണ്ണോത്സവത്തിന് മൂന്ന് ദിനം മാത്രം. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം വെള്ളിയാഴ്ച നടക്കും. കോവിഡ് കാലം അകറ്റിയ ആവേശം പ്രവാസ ലോകത്ത് തിരിച്ചെത്തിയപ്പോൾ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രവാസി കലാകാരന്മാര്‍ വീണ്ടും കലാമേളയുടെ ആഘോഷത്തിമർപ്പിലാണ്. വരയും എഴുത്തും നൃത്തവും പാട്ടും രംഗ അവതരണങ്ങളുമൊക്കെയായി ഒരു ദിവസം നീളുന്നതാണ് ഉത്സവം.
ഫഹാഹീൽ, ഫർവാനിയ, അബ്ബാസിയ, സാൽമിയ എന്നിങ്ങനെ നാല് മേഖലകളാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. മുതിർന്നവരും കുട്ടികളുമടക്കം ആയിരത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ റിഹേല്‍സലുകള്‍ കുവൈത്തിലെ പല ഭാഗങ്ങളിലായി തകൃതിയായി നടക്കുകയാണ്. ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകിയും നീളുന്ന പ്രാക്‌ടീസുകള്‍ അര്‍ദ്ധ രാത്രിയായിട്ടും കഴിഞ്ഞിട്ടില്ല.
എട്ടു വേദികളിലായി 70 മത്സരങ്ങളാണ് അരങ്ങിലെത്തുക. കലാസ്വാദകർ കാത്തിരിക്കുന്ന ഉത്സവത്തിന് വെള്ളിയാഴ്‌ച രാവിലെ എട്ടിന് അബ്ബാസിയ ഓക്‌സ്‌ഫഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിൽ കർട്ടനുയരും.