
കുവൈത്തിൽ ഫിത്വര്‍ സക്കാത്ത് ശേഖരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി; എട്ട് കേന്ദ്രങ്ങളില്‍ സ്വീകരിക്കും
|വൈകീട്ട് 8:30 മുതൽ 11 വരെയാണ് ഫിത്വര്‍ സക്കാത്ത് ശേഖരണ സമയം.
കുവൈത്ത് സിറ്റി: റമദാൻ അവസാനത്തിലെത്തിയതോടെ കുവൈത്തിൽ ഫിത്റ് സക്കാത്ത് ശേഖരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ എട്ട് കേന്ദ്രങ്ങളിലായി ഫിത്വര്‍ സക്കാത്ത് സ്വീകരിക്കുന്ന കേന്ദ്രങ്ങൾ ഒരുക്കിയതായി കുവൈത്ത് സകാത്ത് ഹൗസ് അറിയിച്ചു.
റമദാൻ 25 മുതൽ 29 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഫിത്വര്‍ സക്കാത്ത് സ്വീകരിക്കുമെന്ന് കുവൈത്ത് സകാത്ത് ഹൗസ് അറിയിച്ചു. വൈകീട്ട് 8:30 മുതൽ 11 വരെയാണ് ഫിത്വര്‍ സക്കാത്ത് ശേഖരണ സമയം. വീട്ടിലെ ഒരാൾ ഏകദേശം 2.5 കിലോഗ്രാം ധാന്യം, അല്ലെങ്കിൽ അതിന് തുല്യ ചെലവ് വരുന്ന പണം എന്നിവയാണ് കേന്ദ്രങ്ങളിൽ അടയ്ക്കേണ്ടതെന്ന് സകാത്ത് ഹൗസ് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മാജിദ് അൽ അസ്മി അറിയിച്ചു.
സഹകരണ സംഘങ്ങൾക്ക് സമീപം, അവന്യൂസ് മാൾ, 360 മാൾ, കുവൈത്ത് അന്താരാഷ്ട്ര എയർപോർട്ടിലെ ടെര്‍മിനല്‍-4 എന്നിവിടങ്ങളിൽ ഫിത്വര്‍ സക്കാത്ത് പണമായി സ്വീകരിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സകാത്ത് ഹൗസ് വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ഫോണുകളിലെ സകാത്ത് ഹൗസ് ആപ്ലിക്കേഷനിലൂടെയും പണം കൈമാറാം.
രാജ്യത്തെ വിവിധ ഇസ്‌ലാമിക് ബാങ്കുകള്‍ വഴിയും സകാത്ത് ഹൗസ് വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും കെ.എഫ്.എച്ച്, ബുബിയാന്‍ ബാങ്കുകളുടെ എടിഎമ്മുകൾ വഴിയും സകാത്ത് സ്വീകരിക്കുമെന്ന് അൽ അസ്മി പറഞ്ഞു.