< Back
Kuwait
Prime Minister Narendra Modi will visit Kuwait on December 21-22
Kuwait

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21-22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും

Web Desk
|
17 Dec 2024 9:02 PM IST

1981ൽ ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത് സന്ദർശിക്കുന്നത്

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21-22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. 1981ൽ ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് കുവൈത്ത് സന്ദർശിക്കുന്നത്.

ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, എൽ.പി.ജി എന്നിവയുടെ പ്രധാന വിതരണക്കാരാണ് കുവൈത്ത്. പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള കുവൈത്തിലെ ഭൂരിപക്ഷം വിദേശികളും ഇന്ത്യൻ പ്രവാസി സമൂഹമാണ്.

പ്രധാനമന്ത്രി മോദി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഏക ഗൾഫ് സഹകരണ കൗൺസിൽ രാജ്യമാണ് കുവൈത്ത്. ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. സന്ദർശനത്തിനിടെ സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചനകൾ.

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യ ഈ മാസം ആദ്യം ഇന്ത്യ സന്ദർശിച്ച് കുവൈത്ത് സന്ദർശിക്കാനുള്ള ക്ഷണം നൽകുന്നതിനായി മോദിയെ കണ്ടിരുന്നു. കുവൈത്തിൽ എത്തുന്ന മോദി കുവൈത്ത് അമീർ അടക്കമുള്ള ഭരണാധികാരികളുമായി ചർച്ച നടത്തും.

ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംഭോധന ചെയ്യും. മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ നോക്കി കാണുന്നത്.

Similar Posts