
'വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളുടെ വാഹനത്തിൽ പരിശോധന പാടില്ല'; കുവൈത്ത് ക്രിമിനൽ കോടതി
|വനിതാ ഉദ്യോഗസ്ഥ ഇല്ലാതെ ഒരു സ്ത്രീയുടെ വാഹനം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക വിധിയുണ്ടായത്
കുവൈത്ത് സിറ്റി: വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്ത്രീകളുടെ വാഹനങ്ങൾ പരിശോധിക്കാൻ പാടില്ലെന്ന് കുവൈത്ത് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധി. ഇത്തരത്തിൽ നടത്തുന്ന ഏതൊരു പരിശോധനയും നിയമപരമായി അസാധുവാണെന്നും കോടതി വ്യക്തമാക്കി. കൗൺസിലർ മുതാബ് അൽ അർദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതിയുടേതാണ് ഈ വിധി. വനിതാ ഉദ്യോഗസ്ഥ ഇല്ലാതെ ഒരു സ്ത്രീയുടെ വാഹനം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക വിധിയുണ്ടായത്.
ഭരണഘടനാപരമായ സംരക്ഷണങ്ങളും വ്യക്തിഗത സ്വകാര്യതയെ സംരക്ഷിക്കുന്ന നിയമ തത്വങ്ങളും അനുസരിച്ച്, ഒരു വാഹനം വ്യക്തിയുടെ സ്വകാര്യ ഇടത്തിന്റെ വിപുലീകരണമായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, സ്ത്രീകളെയും അവരുടെ വാഹനങ്ങളെയും പരിശോധിക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനിവാര്യമാണ്. പരിശോധനകളിലും പിടിച്ചെടുക്കലുകളിലും നടപടിക്രമങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനും, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുന്നതിനും ഈ വിധി ശക്തി പകരുന്നതാണ്.