< Back
Kuwait
ഇനിയാണ് ചൂട്; കുവൈത്തിൽ ഇന്ന് മുതൽ താപനില ഉയരും
Kuwait

'ഇനിയാണ് ചൂട്'; കുവൈത്തിൽ ഇന്ന് മുതൽ താപനില ഉയരും

Web Desk
|
13 Jun 2025 12:31 PM IST

തിങ്കളാഴ്ചയോടെ താപനില 52 എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നു മുതൽ താപനില ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ താപനില 52° സെൽഷ്യസ് വരെ എത്തുമെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി കുവൈത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. വ്യാഴാഴ്ച കുവൈത്തിൽ ഏകദേശം 44°C ആയിരുന്നു ഉയർന്ന താപനില രേഖപ്പെടുത്തിയത്. എന്നാൽ വെള്ളിയാഴ്ചയോടെ താപനില 48°C ആയി ഉയരുമെന്നാണ് പ്രവചനം. രാജ്യത്ത് ഉപരിതല ന്യൂനമർദ്ദത്തിന്റെ സ്വാധീനം വർധിക്കുകയും ചൂടും ഈർപ്പവുമുള്ള കാറ്റ് വീശുകയും ചെയ്യുന്നതാണ് താപനില വർധനവിന് കാരണമെന്ന് അൽ അലി വ്യക്തമാക്കി. തെക്കുകിഴക്കൻ കാറ്റുകൾ ക്രമേണ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും ഇത് ചൂടിന്റെ കാഠിന്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാന്ത്യത്തിലും ചൂട് കൂടാനാണ് സാധ്യത. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച 50°C, ഞായറാഴ്ച 51°C, തിങ്കളാഴ്ച 52°C എന്നിങ്ങനെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു. പകൽ സമയങ്ങളിൽ അതികഠിനമായ ചൂടും രാത്രികളിൽ ചൂടുകൂടിയ കാലാവസ്ഥയും അനുഭവപ്പെടും. അതിനാൽ, പകൽ സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കുവൈത്തിൽ തുടരുമെന്നും, ഇത് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ ദിശ മാറി വടക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമാകുന്നതോടെ ചൂടിന്റെ തീവ്രത ഇനിയും കൂടും.

Similar Posts