
കുവൈത്തിൽ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധനാ കാമ്പയിൻ
|കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും ഉൾപ്പെടെ കണ്ടെടുത്തു
കുവൈത്തിൽ സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധനാ കാമ്പയിൻ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും ഉൾപ്പെടെ കണ്ടെടുത്തു.ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് സബാഹിന്‍റെ നിർദേശപ്രകാരം ആണ് ആഭ്യന്തരമന്ത്രലയത്തിലെ ജയിൽ സുരക്ഷാ വകുപ്പ് പ്രത്യേക ഇന്‍സ്പെക്ഷന്‍ കാമ്പയിൻ ആരംഭിച്ചത്. പരിശോധനയിൽ മൊബൈൽ ഫോൺ, മൂർച്ചയേറിയ ആയുധങ്ങൾ , മയക്കു മരുന്ന് തുടങ്ങിയവ കണ്ടെടുത്തു. ആറു സ്മാർട്ട് ഫോണുകൾ, 6 ബ്ലൂട്ടൂത്ത് ഇയർ ഫോണുകൾ, മൊബൈൽ ചാർജറുകൾ, മൂന്നു കത്തികൾ , മൊബൈൽ നെറ്റ് വര്‍ക്ക് ബൂസ്റ്റർ, സിം കാർഡുകൾ, പത്തോളം മയക്കു മരുന്ന് പൊതികൾ എന്നിവയാണ് വാഷ്ബേസിനടിയിലും കിടക്കക്കുള്ളിലും മറ്റും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
അനുമതിയില്ലാത്ത വസ്തുക്കൾ കണ്ടെടുത്ത സെല്ലുകളിൽ ഉള്ളവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ജയിൽ സുരക്ഷാ മേധാവി മേജർ ജനറൽ അബ്ദുളള സഫ്‌ഹാ അറിയിച്ചു. കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി സെൻട്രൽ സന്ദർശിക്കുകയും സുരക്ഷസംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. തടവുകാരെ കാണാൻ എത്തുന്നവർ ആരായാലും സുരക്ഷാ പരിശോധന കൂടാതെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ ഓഫീസുകളിൽ ആഭ്യന്തര മന്ത്രിയുടെ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ പോലീസ് സ്റേഷനുകൾ ശൈഖ് തലാൽ അൽ ഖാലിദ് സന്ദർശിച്ചു.