< Back
Kuwait
ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ കുവൈത്തിൽ പ്രവേശിക്കാം
Kuwait

ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ കുവൈത്തിൽ പ്രവേശിക്കാം

ijas
|
20 Aug 2021 11:46 PM IST

ഫൈസർ, ആസ്ട്രസെനക, മോഡേണ, ജോൺസൻ & ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്

സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകൾ എടുത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ കുവൈത്തിൽ പ്രവേശിക്കാം. ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച മാർഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തുവിട്ടു. കുവൈത്ത് അംഗീകരിച്ച വാക്സിനുകളിലൊന്നാണ് ബൂസ്റ്റർ ഡോസായി സ്വീകരിക്കേണ്ടത്.

ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വാണിജ്യ സർവീസുകൾക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് അനുമതി. ഇതുമായി ബന്ധപ്പെട്ടു സെന്‍റര്‍ ഫോർ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻസ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിര്‍ദ്ദേശത്തിലാണ് യാത്രക്കാർക്കുള്ള നിബന്ധനകൾ ഉള്ളത്. കുവൈത്ത് അംഗീകരിച്ച വാക്സിൻ ഡോസുകൾ പൂർത്തീകരിച്ചവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട്, ശ്ലോനിക് ആപ് രജിസ്ട്രേഷൻ, ഏഴുദിവസത്തെ ഹോം ക്വാറന്‍റൈന്‍ എന്നിവയാണ് പ്രധാന നിബന്ധനകൾ. ക്വാറന്‍റൈന്‍ നേരത്തെ അവസാനിപ്പിക്കണമെങ്കിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു തെളിയിച്ചാൽ മതി. ഫൈസർ, ആസ്ട്രസെനക, മോഡേണ, ജോൺസൻ & ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.

അതേസമയം അംഗീകാരം ഇല്ലാത്ത സിനോഫാം, സ്പുട്നിക്, സിനോവാക് എന്നീ വാക്സിൻ കോഴ്സ് പൂർത്തിയാക്കിയവർ ഇതിന്‍റെ കൂടെ കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്സിൻ ബൂസ്റ്റർ ഡോസായി എടുത്താലും പ്രവേശനം അനുവദിക്കും. കുവൈത്തിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ ഇമ്മ്യൂൺ ആപ്പിലോ മൊബൈൽ ഐഡി ആപ്പിലോ വാക്സിനേറ്റഡ് സ്റ്റാറ്റസ് നിർബന്ധമാണ്. കുവൈത്തിന് പുറത്ത് വാക്സിനെടുത്തവർക്ക് സ്കാൻ ചെയ്താൽ വിവരങ്ങൾ ലഭ്യമാവുന്ന ക്യൂ.ആർ കോഡ് ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ക്യൂ.ആർ കോഡ് റീഡബിൾ അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ് ലിങ്കിൽ സർട്ടിഫിക്കറ്റ് നേരത്തെ അപ്ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും മാര്‍ഗനിർദേശത്തിൽ പറയുന്നു.

Related Tags :
Similar Posts