< Back
Gulf
ലുലു ഗ്രൂപ്പിന്​ പുതിയ ബഹുമതി; ഡിലോയിറ്റ്​ പട്ടികയിൽ ഇടം ലഭിച്ചു
Gulf

ലുലു ഗ്രൂപ്പിന്​ പുതിയ ബഹുമതി; 'ഡിലോയിറ്റ്​' പട്ടികയിൽ ഇടം ലഭിച്ചു

Web Desk
|
6 July 2021 12:01 AM IST

ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള റിലയൻസും ഇടം പിടിച്ചിട്ടുണ്ട്.

ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ 2021ലെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ചു. മിഡിൽ ഈസ്​റ്റിൽ നിന്ന്​ ലുലു ഗ്രൂപ്പ്, മാജിദ് അൽ ഫുത്തൈം എന്നിവ മാത്രമാണ്​ പട്ടികയിൽ ഇടം പിടിച്ചത്. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്​കോ കോർപ്പറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.

10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന്​ റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് 7.40 ബില്യൺ ഡോളറാണ്​. അഞ്ച്​ ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി. 16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള മാജിദ് അൽ ഫുത്തൈമി​ന്‍റെ വിറ്റുവരവ് 7.65 ബില്യൺ ഡോളറാണ്​.

ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള റിലയൻസും ഇടം പിടിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല്​ ഇ-കോമേഴ്സ് സെന്‍ററുകൾ അടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണു ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനു ശേഷം ആരംഭിച്ചത്.

ഇക്കാലയളവിൽ 3,000 ലധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം ഇ-കോമേഴ്സ് രംഗം വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts