< Back
Oman

Oman
തൊഴിൽ നിയമലംഘനം: മസ്‌കത്തിൽ അറസ്റ്റിലായത് 1551 പ്രവാസികൾ
|3 Dec 2024 5:32 PM IST
നവംബറിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി
മസ്‌കത്ത്: തൊഴിൽ നിയമലംഘനത്തിന് മസ്‌കത്തിൽ അറസ്റ്റിലായത് 1551 പ്രവാസികൾ. 2024 നവംബറിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് നടപടി. മസ്‌കത്ത് ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്. ജോയിന്റ് ഇൻസ്‌പെക്ഷൻ ടീമും സെക്യൂരിറ്റി ആന്റ് സേഫ്റ്റി സർവീസസിന്റെ ഇൻസ്‌പെക്ഷൻ യൂണിറ്റും ചേർന്നാണ് പരിശോധനകൾ നടത്തിയത്.
518 തൊഴിൽ ലംഘന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേർ, തൊഴിലുടമകളല്ലാത്തവർക്കായി ജോലി ചെയ്ത 69 പേർ, ആവശ്യമായ ലൈസൻസുകളില്ലാതെ നിയന്ത്രിത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന 148 തൊഴിലാളികൾ, ശരിയായ രീതിയിലല്ലാതെ സ്വന്തം നിലയിൽ ജോലി ചെയ്ത 64 പേർ എന്നിവരെയാണ് പരിശോധനക്കിടെ കണ്ടെത്തിയത്.
